
konnivartha.com: കാര്‍ഷിക ഗ്രാമമായ കോന്നി അരുവാപ്പുലം കേന്ദ്രമാക്കി കാര്‍ഷിക വിപണി ആരംഭിക്കണം എന്നുള്ള ആവശ്യത്തിനു പ്രസക്തിയേറുന്നു . കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച നൂറുകണക്കിന് കര്‍ഷകര്‍ അധിവസിക്കുന്ന സ്ഥലമാണ് അരുവാപ്പുലം .
അരുവാപ്പുലം, ഐരവൺ എന്നീ വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന അരുവാപ്പുലം ഗ്രാമത്തിന് ചരിത്രപരമായി കാര്‍ഷിക മേഖലയുടെ പാരമ്പര്യം ഉണ്ട് . അച്ചന്‍കോവില്‍ നദിയുടെ തീര ഭൂമികയാണ് അരുവാപ്പുലം .പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു . തരിശുകിടന്നിരുന്ന സ്ഥലങ്ങൾ കർഷകരുടെ സഹായത്തോടെ കൃഷിചെയ്ത് അരുവാപ്പുലം റൈസ് കഴിഞ്ഞവർഷം വിതരണം ചെയ്തിരുന്നു.മുതുപേഴുങ്കൽ ഏലായിൽ ഡ്രോൺവഴി വളംപ്രയോഗം നടത്തി മാതൃകയുമായി .
പുണ്യ നദിയായ അച്ചന്‍കോവിലാറിന്റെ തീരത്താണ് അരുവാപ്പുലം എന്ന മനോഹരമായ ഗ്രാമം. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗം തമിഴ് നാടിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴകവുമായി നൂറ്റാണ്ടുകളുടെ ഇഴചേര്‍ന്ന ബന്ധമാണ് അരുവാപ്പുലത്തിനുള്ളത്.
അരുവ എന്ന വാക്കിന് സൗന്ദര്യമുള്ള, സുന്ദരി എന്നെല്ലാം അര്‍ത്ഥമുണ്ട്. പുലം എന്ന വാക്കിന് വയല്‍ എന്നും പുരയിടം എന്നും അര്‍ത്ഥങ്ങളുണ്ട്. അങ്ങനെ വരുമ്പോള്‍ അരുവാപ്പുലം എന്ന നാമകരണത്തിന് പൂര്‍വ്വസൂരികള്‍ കല്പിച്ചത് മനോഹരമായ പുരയിടങ്ങളും, കൃഷിസ്ഥലങ്ങളുമുള്ള പ്രദേശം എന്നു തന്നെയാണ്. തമിഴ് ഭാഷയില്‍ അരുവ എന്ന വാക്കിന് കുലസ്ത്രീ, സുന്ദരി എന്നെല്ലാം അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തിലും ഈ നാമകരണം അന്വര്‍ത്ഥമാണ്. ദ്രാവിഡ വാണിയായ തമിഴും മലയാളവും ചേര്‍ന്ന് ഒരു സങ്കര ഭാഷ അന്നത്തെ ജനസമൂഹത്തിനിടയില്‍ പ്രചരിപ്പിച്ചിരുന്നു.
പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന കോന്നിയും ഇതിനോട് ചേര്‍ന്ന കരകളും. പാണ്ഡ്യരാജവംശമായിരുന്നല്ലോ അന്ന് ഭരണാധികാരികള്‍. അരുവാപ്പുലത്തിന്റെ കിഴക്ക് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്നാടിന്റെ ഭാഗവും പന്തളം പഞ്ചായത്തിന്റെ വിവിധ കരകളും ചേര്‍ന്ന വിസ്തൃതമായ ഭൂവിഭാഗം പാണ്ഡ്യവംശ രാജാക്കന്മാരുടെ ഭരണപ്രദേശമായിരുന്നു. ശത്രുക്കളുടെ നിരന്തര ആക്രമണത്താല്‍ ആസ്ഥാന ഭരണകേന്ദ്രമായിരുന്ന മധുരവിട്ട് തിരുവിതാംകൂര്‍ രാജവംശത്തിന്റെ സഹായത്തോടെ അവര്‍ അച്ചന്‍കോവില്‍, കോന്നിയൂര്‍, പന്തളം എന്നീ സ്ഥലങ്ങളില്‍ സ്ഥിരമാക്കിയ ചരിത്രമുണ്ട്. കോന്നിയൂര്‍ ലോപിച്ച് കുറേക്കൂടി മലയാളീകരിച്ച് കോന്നിയാവുകയാണുണ്ടായത്.
മുളകുകൊടിത്തോട്ടം,കുമ്മണ്ണൂര്‍,കൊക്കാത്തോട്,നെല്ലിക്കാപ്പാറ,കല്ലേലിത്തോട്ടം,കല്ലേലി,മുതുപേഴുങ്കല്‍,അതിരുങ്കല്‍,മ്ലാന്തടം,പടപ്പയ്ക്കല്‍,ഊട്ടുപാറ,പുളിഞ്ചാണി,അരുവാപ്പുലം,മാവനാല്‍,ഐരവണ്‍ എന്നീ വാര്‍ഡുകള്‍ ചേര്‍ന്നുള്ള അരുവാപ്പുലം പഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനു കാര്‍ഷിക വിപണി വേണം എന്നുള്ള ആവശ്യം ഉയരാന്‍ തുടങ്ങിട്ട് നാളുകള്‍ ഏറെയായി .പഞ്ചായത്ത് അനുഭാവപൂര്‍വ്വമായ നടപടികളിലേക്ക് കടന്നിട്ടുണ്ട് .
അരുവാപ്പുലം കൃഷി ഭവന് മുന്‍കയ്യെടുത്തു കാര്‍ഷിക വിപണി എന്ന ആശയം നടപ്പിലാക്കണം . കല്ലേലി കേന്ദ്രമാക്കി പുരാതന കാലം മുതലേ ചന്ത പ്രവര്‍ത്തിച്ചിരുന്നു . കാലം കഴിഞ്ഞപ്പോള്‍ കല്ലേലി ചന്ത അന്യമായി .
അരുവാപ്പുലത്തെ കര്‍ഷകരുടെ കാര്‍ഷിക പാരമ്പര്യം പുതു തലമുറയിലേക്ക് കൊണ്ട് വരേണ്ടത് അനിവാര്യമാണ് . മണ്ണിനെ സ്നേഹിച്ചു കൊണ്ട് വന്യ മൃഗങ്ങളോട് മല്ലിട്ട് വിളയിച്ചു എടുക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് മാന്യമായ വില ലഭിക്കാന്‍ കര്ഷകന് അവകാശം ഉണ്ട് .അതിനു കാര്‍ഷിക വിപണി വേണം . അരുവാപ്പുലത്ത് കാര്‍ഷിക വിപണി അനിവാര്യം ആണ് . കോന്നി നാരായണപുരം ചന്ത ഏറെക്കുറെ നിലച്ച നിലയില്‍ ആണ് . വാഴക്കുല ചന്തയും കല ചന്തയും നാല്ക്കാലി ചന്തയും സജീവമായിരുന്ന കാലം കോന്നിയില്‍ ഉണ്ടായിരുന്നു .
കൃഷിയെ ആശ്രയിച്ചു ഉപജീവന മാര്‍ഗം തേടുന്ന നൂറുകണക്കിന് കര്‍ഷകരാല്‍ സമ്പന്നം ആണ് അരുവാപ്പുലം . അതിനാല്‍ കാര്‍ഷിക വിപണി തുടങ്ങേണ്ടത് അത്യാവശ്യമാണ് .തരിശു കിടക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുത്തു കൃഷി യോഗ്യമാക്കാനും നടപടി വേണം . അരുവാപ്പുലത്ത് ഇപ്പോഴും വയല്‍ കൃഷികള്‍ നടന്നു വരുന്നു . വളക്കൂര്‍ ഉള്ള മണ്ണില്‍ നൂറു മേനി വിളവ് ലഭ്യവും ആണ് .
മലഞ്ചരക്ക് ഇനത്തിലെ കാര്‍ഷിക വിളകള്‍ ഏറെ ഉള്ള അരുവാപ്പുലത്ത് പൊതു വിപണി തുടങ്ങാന്‍ ഉള്ള സത്വര നടപടികള്‍ക്ക് തുടക്കം കുറിക്കണം .