പിറവന്തൂർ റബ്ബർ പാർക്ക് : ആദ്യ സംരംഭം ജനുവരിയിൽ യാഥാർത്ഥ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി

Spread the love

 

konnivartha.com: പത്തനാപുരം പിറവന്തൂരിലെ റബ്ബർ പാർക്കിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി എംപി. റബ്ബർ വ്യവസായത്തിന് പുതുജീവൻ നൽകുന്ന തരത്തിലാണ് പദ്ധതിയുടെ പുരോഗതി.

ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ 20 പ്ലോട്ടുകളിൽ ഇതിനകം അഞ്ചു പ്ലോട്ടുകളുടെ അലോക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. റബ്ബർ പാർക്കിൽ ആരംഭിക്കുന്ന ആദ്യ സംരംഭമായ പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണം 85% ത്തിലധികം പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ ഫാക്ടറിയിൽ മെഷീനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമ്മാണവും ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കി അടുത്ത ജനുവരിയോടെ ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

രണ്ടാമതായി പ്രവർത്തനം ആരംഭിക്കുന്ന മറ്റൊരു പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം മറ്റ് നിരവധി വ്യവസായ സംരംഭങ്ങളെ പാർക്കിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധി വലിയ വെല്ലുവിളിയാണ്. റബ്ബർ പാർക്കിന്റെ ആവശ്യങ്ങൾക്കായി പ്രത്യേക സബ്സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം വൈദ്യുതി റഗുലേഷൻ കമ്മീഷൻ നിരസിച്ചതിനെ തുടർന്ന് വൈദ്യുതി ലഭ്യതയിൽ ഗുരുതരമായ തടസ്സം നേരിടുന്നുണ്ടെന്ന് എം.പി. ചൂണ്ടിക്കാട്ടി. നിലവിൽ ഡെഡിക്കേറ്റഡ് ഫീഡറിലൂടെ വൈദ്യുതി വിതരണം നടക്കുകയാണെങ്കിലും വിവിധ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നു. സംരംഭങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അടിയന്തിരമായി സ്ഥിരവും സുഗമവുമായ വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവലോകനയോഗത്തിൽ വൈദ്യുതി വകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെ നിശിതമായി വിമർശിച്ച എംപി വൈദ്യുതി വകുപ്പ് നിലപാട് പാർക്കിന്റെ പുരോഗതിക്ക് വിലങ്ങു തടിയാണെന്നും പറഞ്ഞു.

റബ്ബർ പാർക്കിന്റെ വികസനത്തിനായി ഇതുവരെ കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയത്തിൽ നിന്ന് 15 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നും പാർക്കിന്റെ വിപുലീകരണത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം.പി. അറിയിച്ചു. കഴിഞ്ഞ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടിരുന്ന കാന്റീൻ സൗകര്യം നിലവിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളതും സംരംഭകർക്കും, തൊഴിലാളികൾക്കും, സന്ദർശകർക്കും വലിയ ആശ്വാസമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർക്കിന്റെ സ്ഥിരതയുള്ള വളർച്ചക്കും വ്യവസായങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും റബ്ബർ പാർക്ക് കേരളത്തിലെ റബ്ബർ അടിസ്ഥാനത്തിലുള്ള ഉൽപ്പന്നങ്ങളുടെ വ്യവസായ ഹബ് ആകാൻ വേണ്ട നടപടികൾ അതിവേഗം സ്വീകരിക്കുമെന്നും എം.പി. ഉറപ്പു നൽകി.

റബ്ബർ പാർക്കിന്റെ വികസന അവലോകനയോഗത്തിൽ റബ്ബർ പാർക്ക് എം.ഡി., വിവിധ സംരംഭകർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

error: Content is protected !!