“കേരളത്തിലെ പക്ഷികള്‍ “:കോന്നിയില്‍ ക്ലാസും ചിത്രപ്രദർശനവും സംഘടിപ്പിച്ചു

Spread the love

 

konnivartha.com; കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഇക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ് എന്നിവ സംയുക്തമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പക്ഷി നിരീക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പക്ഷികൾ എന്ന വിഷയത്തിൽ ക്ലാസും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു.

നല്ല വന പ്രദേശങ്ങളിൽ മലമുകളിലും, ചോലക്കാടുകളിലും ,പുൽമേടുകളിലുമായി മാത്രം കാണപ്പെടുന്ന പോരുക്കിളി, കരിച്ചെമ്പൻ പാറ്റ പിടിയൻ,സന്ധ്യക്കിളി,ചിലൂചിലപ്പൻ, മരപ്രാവ്,മലവരമ്പൻ, മലമുഴക്കി വേഴാമ്പൽ,പാണ്ടൻ വേഴാമ്പൽ എന്നിവയുടെ ഒക്കെ ചിത്രങ്ങൾ സന്ദർശകരുടെ മനം കവർന്നു.

വന – പ്രകൃതി നിരീക്ഷകനും,എഴുത്തുകാരനും കേരളത്തിൽ പക്ഷി നിരീക്ഷണ രംഗത്തെ അതികായനുമായ പി കെ ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ജൈവ വൈവിധ്യ മേഖലകളിൽ കാണപ്പെടുന്ന വ്യത്യസ്ത തരം പക്ഷികളെക്കുറിച്ചും അവയുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഇതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിന് സ്കൂൾ പി റ്റി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എച്ച് ഫെബിൻ സ്വാഗതം പറഞ്ഞു.പ്രിൻസിപ്പാൾ  ജി സന്തോഷ്,പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ ഇ പി അനിൽ കുമാർ, സലിൽ വയലാത്തല അദ്ധ്യാപകരായ കെ എസ് സൗമ്യ, ആർ ശ്രീജ, സൗമ്യ കെ നായർ,ലീഡർ കുമാരി അനന്തലക്ഷ്മി എന്നിവർ ആശംസയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ് സുഭാഷ് നന്ദിയും അറിയിച്ചു.

error: Content is protected !!