ആവണിപ്പാറ പാലം നിര്‍മാണം ഉടന്‍ ആരംഭിക്കും : കെ യു ജനീഷ് കുമാര്‍ എം എല്‍ എ

Spread the love

 

അരുവാപ്പുലം വികസന സദസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

konnivartha.com; ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി ആവണിപ്പാറ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കെ യു ജനീഷ് കുമാര്‍ എം എല്‍ എ. അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് അരുവാപ്പുലം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. കൃഷി, അടിസ്ഥാന സൗകര്യ വികസനം, റോഡ്, സബ്‌സെന്റര്‍, വിദ്യാഭ്യാസം തുടങ്ങിയ സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പഞ്ചായത്ത് നടപ്പാക്കിയത്. മലയോര മേഖലയിലെ മനുഷ്യ – വന്യജീവി സംഘര്‍ഷ പരിഹാരത്തിനുള്ള നടപടികള്‍ നടത്തുന്നതായി എം എല്‍ എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസനസദസ് നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് എം എല്‍ എ പ്രകാശനം ചെയ്തു.

ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനത്തിന് ഭൂമി സംഭാവന ചെയ്തവരെയും, കാര്‍ഷികഭിവൃത്തിക്കായി പ്രവര്‍ത്തിച്ചവരെയും, ഹരിതകര്‍മ സേനാഗങ്ങളെയും ചടങ്ങില്‍ എംഎല്‍എ ആദരിച്ചു. വിവിധ തലങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അധ്യക്ഷയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ പ്രദര്‍ശനവും സദസിന്റെ ഭാഗമായി നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍ ഡി ശിവദാസ് സര്‍ക്കാരിന്റെ വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എന്‍ അനില്‍ അവതരിപ്പിച്ചു.

ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 2002 പഠിതാക്കള്‍ക്കും പരിശീലനം നല്‍കി 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 261 വീടുകള്‍ നല്‍കി.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഭാഗത്തില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് 2.08 കോടി രൂപ,വാര്‍ധക്യകാല പെന്‍ഷന്‍ 20.76 കോടി രൂപ, ഭിന്നശേഷിക്കാര്‍ക്ക് 2.74 കോടി രൂപ, വിധവാ പെന്‍ഷനായി 7.69 കോടി രൂപ അവിവാഹിതര്‍ക്ക് 35.10 ലക്ഷം രൂപയും വിതരണം ചെയ്തു.

പശ്ചാത്തല സൗകര്യ വികസനത്തില്‍ ഉന്നത നിലവാരത്തില്‍ ടര്‍ഫ് കോര്‍ട്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു. കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയറിലൂടെ ഗ്രാമപഞ്ചായത്തിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. നെല്‍കൃഷിക്കായി ഓപ്പറേഷന്‍ പാഡി, അരുവാപ്പുലം റൈസ്, ചില്ലീസ്, സങ്കേതങ്ങളില്‍ പോഷകാഹാരം നല്‍കുന്ന നൂട്രി ട്രൈബ് ,ക രാട്ടെ പരിശീലനത്തിനായി സുരക്ഷിത, ബീ ദ് സൗണ്ട് – സ്പീച്ച് തെറാപ്പി തുടങ്ങിയ നൂതന ആശയങ്ങള്‍ നടപ്പാക്കി.

വികസന സദസിന്റെ ഭാഗമായി നടത്തിയ വിജ്ഞാന കേരളം തൊഴില്‍മേള, കെ സ്മാര്‍ട്ട് ക്ലിനിക്ക് എന്നിവ നിരവധി പേര്‍ പ്രയോജനപെടുത്തി.

ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി സിന്ധു, വി ശ്രീകുമാര്‍, ഷീബ സുധീര്‍, അംഗങ്ങളായ വി കെ രഘു, ജോജു വര്‍ഗീസ്, ടി വി ശ്രീലത, മിനി രാജീവ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി വി ഗീത, എഡിഎസ്, സിഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗുണോഭോക്താക്കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!