വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച നേട്ടം കൈവരിച്ചു : കെ യു ജനീഷ് കുമാര്‍ എംഎല്‍എ
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
konnivartha.com; വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച വികസന നേട്ടം കൈവരിച്ചതായി കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തെ ഭരണ സമിതിയുടെ നേട്ടങ്ങള്‍ പഞ്ചായത്തില്‍ ദൃശ്യമാണ്.
അനുവദിച്ച മുഴുവന്‍ തുകയും പഞ്ചായത്തില്‍ വിനിയോഗിക്കാന്‍ ഭരണസമിതിക്ക് സാധിച്ചു. കാര്‍ഷിക ഇടപെടലിലൂടെ 150 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കി. കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരിച്ചു കൊണ്ട് വന്നു. വള്ളിക്കോട് ശര്‍ക്കര പുതിയ മാതൃകയില്‍ സ്വന്തം ബ്രാന്‍ഡില്‍ സൃഷ്ടിച്ചു. പഞ്ചായത്തില്‍ റോഡ്, ആശുപത്രി, സ്കൂള്‍, കുടിവെള്ള പദ്ധതി തുടങ്ങി എല്ലാ മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. കൈപ്പട്ടൂര്‍ – ഏഴംകുളം റോഡ്, ചന്ദനപ്പള്ളി-കോന്നി, വള്ളിക്കോട് -കൈപ്പട്ടൂര്‍ തുടങ്ങിയ റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതായും എംഎല്‍എ കൂട്ടിചേര്‍ത്തു.
പഞ്ചായത്തില്‍ 34 കോടി രൂപയോളം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കാന്‍ സാധിച്ചതായി അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് മോഹനന് നായര്‍ പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമായാണ് വികസന സദസ്സ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ ഇ-ഹെല്‍ത്ത് രജിസ്ട്രേഷനുള്ള ഉപകരണത്തിന്റെ ഉദ്ഘാടനവും എംഎല്‍എ കെ യു ജനിഷ് കുമാര്‍ നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മ സേനാംഗങ്ങളെ അനുമോദിച്ചു. തെളിനീര് കുടിവെള്ള പദ്ധതിക്കായി ഭൂമിധാനം നല്കിയ ഡോ. കെ കെ ശ്രീനിവാസന്, പി സി ചാക്കോ, റ്റി ജെയിംസ് എന്നിവരെയും ആദരിച്ചു. റിസോഴ്സ് പേഴ്സണ്‍ എന്‍ പ്രകാശ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച് സെക്രെട്ടറി പി ജെ രാജേഷ് കുമാര്‍ വീഡിയോ പ്രദര്‍ശനവും അവതരണവും നടത്തി. ഭാവി വികസനത്തെ കുറിച്ച് ചര്‍ച്ചയും നടന്നു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നീതു ചാര്‍ലി, പ്രസന്ന രാജന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ക്ഷേമ കാര്യസ്ഥിരം സമിതി അധ്യക്ഷ ഗീത ടീച്ചര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജോസ്, പ്രസന്ന കുമാരി അംഗങ്ങളായ സുധാകരന്, ലക്ഷ്മി, തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.