
46 ആയുഷ് ആശുപത്രികളിൽ ഫിസിയോതെറാപ്പി യൂണിറ്റുകൾ:മുഴുവൻ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ
konnivartha.com; സർക്കാർ ആയുഷ് മേഖലയിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 46 ഫിസിയോതെറാപ്പി യൂണിറ്റുകൾ സജ്ജമായി. ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 22ന് വൈകുന്നേരം 3 മണിക്ക് കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും.
2 കോടി രൂപ ചെലവിലാണ് ഫിസിയോതെറാപ്പി യൂണിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 25 ആശുപത്രികളിലും ഹോമിയോപ്പതി വകുപ്പിന്റെ 21 ആശുപത്രികളിലുമാണ് പുതുതായി ഫിസിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നത്. മികച്ച നിലവാരമുള്ള ഫിസിയോതെറാപ്പി ഉപകരണങ്ങൾക്കൊപ്പം ഫിസിയോതെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ എന്നിവരുടെ സേവനവും ഓരോ യൂണിറ്റിലും ഉറപ്പാക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തന സജ്ജമാകും. രോഗികൾക്ക് കൂടുതൽ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ മറ്റൊരു സാക്ഷാത്ക്കാരം കൂടിയാണിത്.