തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റാന്നി ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ചൊള്ളനാവയല്‍ ഊരുമൂപ്പന്‍ പിജി അപ്പുക്കുട്ടന്‍, അടിച്ചിപുഴ ഊരുമൂപ്പന്‍ രാഘവന്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ എ കെ ലത ഫോം വിതരണം ചെയ്തു.
പൊതുജനങ്ങള്‍ക്ക് വളരെ ലളിതമായി ബിഎല്‍ഒ മാരുടെ സഹായത്തോടെ പരിഷ്‌കരണത്തില്‍ പങ്കെടുക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണം ഉറപ്പാക്കണം. 2002 വോട്ടര്‍ പട്ടിക ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഫോം പൂരിപ്പിക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക് ഫോം പൂരിപ്പിക്കുന്നതിന് ബിഎല്‍ഒ മാര്‍ സഹായിക്കും. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ ശ്രീലത, ടിഡിഒ എസ് എ നജീം, ടിഇഒ ഗോപകുമാര്‍, റാന്നി തഹസില്‍ദാര്‍ ആവിസ് കുമരമണ്ണില്‍, അത്തിക്കയം ഷാജില്‍ കുമാര്‍,
പഴവങ്ങാടി വില്ലേജ് ഓഫീസര്‍ ഹാജിറ ബീവി, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം ആര്‍ രാജപ്പന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബൂത്ത് ലെവല്‍ ഏജന്റ്‌സ് എന്നിവര്‍ പങ്കെടുത്തു.