കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെ. രാജു ബോർഡംഗം; നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും

Spread the love

 

 

konnivartha.com; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാറിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നവംബര്‍ 14 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും .

 

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ജയകുമാറിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജുവിനെയും നിയമിച്ചു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോര്‍ഡംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 13-ന് അവസാനിക്കും.

 

ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡിലെ പ്രസിഡന്റിനെയും അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. അതുപ്രകാരമാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പ്രശാന്തിനെ മാറ്റി ജയകുമാറിനെ തലപ്പത്തേക്ക് കൊണ്ടുവന്നത് .