തദ്ദേശ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലാ അറിയിപ്പ് ( 14/11/2025 )

Spread the love

 

തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നവംബര്‍ 10ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തുടരും.

പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശം

ജാതികളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്. മറ്റു രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമര്‍ശനം നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുങ്ങുന്നതായിരിക്കണം. അവരുടെ സ്വകാര്യ ജീവിതം പരാമര്‍ശിക്കരുത്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്. സമ്മതിദായകര്‍ക്ക് പണമോ പാരിതോഷികമോ നല്‍കരുത്. വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അനുവാദം കൂടാതെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ചുവരെഴുത്ത്, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയവ പാടില്ല. പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുത്.
ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തരുത്.

തിരഞ്ഞെടുപ്പുദിവസം പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ സ്ഥാനാര്‍ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ. ഈ ദൂരപരിധിക്കുള്ളില്‍ വോട്ട് അഭ്യര്‍ഥിക്കരുത്. സമ്മതിദായകരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ കക്ഷികളോ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ല.

 

ആയുധം സറണ്ടര്‍ ചെയ്യണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആയുധ ലൈസന്‍സികള്‍ അടിയന്തിരമായി ആയുധം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സിലുള്‍പ്പെട്ടതും ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് / റീട്ടെയിനറായി ജോലി ചെയ്യുന്നവരുടെയും ആയുധങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് നല്‍കിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും ആയുധ ലൈസന്‍സ് അനുവദിച്ചത് പ്രകാരം ആയുധം കൈവശം ഉള്ളതുമായ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും അതാത് പോലീസ് സ്റ്റേഷനില്‍ ആയുധം അടിയന്തിരമായി സറണ്ടര്‍ ചെയ്യണം. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

തദേശ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കര്‍ശനം:മാര്‍ഗനിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിത മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രചാരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം.

പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിംഗ്, പോസ്റ്റര്‍ എന്നിവയ്ക്ക് പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പേപ്പര്‍, നൂറ് ശതമാനം കോട്ടണ്‍, ലിനന്‍ പോലെ പുനഃരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രചാരണ വസ്തുക്കളില്‍ ക്യു ആര്‍ കോഡ് പി.വി.സി ഫ്രീ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികള്‍ ശേഖരിക്കാനോ അച്ചടിക്കാനോ പാടില്ല.

 

റാലി, കണ്‍വെന്‍ഷന്‍, പദയാത്ര, പരിശീലനം തുടങ്ങിയ പ്രചാരണ പരിപാടിയില്‍ തെര്‍മോക്കോള്‍, സ്റ്റിറോഫോം, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ എന്നിവ പാടില്ല. ഭക്ഷണം വാഴയിലയിലോ സ്റ്റീല്‍, സെറാമിക് പാത്രങ്ങളിലോ നല്‍കണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്‌സല്‍ കവറുകളും പാടില്ല. പോളിംഗ് ബൂത്തുകളില്‍ സ്റ്റീല്‍, ഗ്ലാസ് കപ്പുകളില്‍ വെള്ളം നല്‍കണം. ഭക്ഷണ വിതരണം പുനഃരുപയോഗിക്കാവുന്ന പാത്രങ്ങളിലാകണം. വോട്ടര്‍മാര്‍ വോട്ടര്‍ സ്ലിപ്പ് പോളിംഗ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കരുത്. പ്രത്യേക ബിന്നുകളില്‍ നിക്ഷേപിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കണം.
പ്രചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ വോട്ടെടുപ്പ് കഴിഞ്ഞ് ഉടന്‍ തന്നെ ഹരിത കര്‍മ സേനയ്ക്ക് നല്‍കണം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നീക്കിയില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ അവ നീക്കം ചെയ്ത് സ്ഥാനാര്‍ഥിയില്‍ നിന്ന് ചെലവ് ഈടാക്കണം. റാലി, റോഡ് ഷോ തുടങ്ങിയവയ്ക്ക് ശേഷം സ്ഥലം വൃത്തിയാക്കേണ്ട ചുമതല പരിപാടി നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ആയിരിക്കും.

 

അറിയിപ്പ്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവംബര്‍ 15 (ശനി) വൈകിട്ട് 3.30 ന് പത്തനംതിട്ട മുന്‍സിപ്പാലിറ്റിയുടെ വരണാധികാരിയായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ പത്തനംതിട്ട മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍സിപ്പാലിറ്റി പരിധിക്കുള്ളിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും.