ഡിസംബർ മൂന്നിന് നടക്കുന്ന നാവിക സേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ നടന്ന ഫുൾ ഡ്രസ്സ് റിഹേഴ്സൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയുടെ മേൽനോട്ടത്തിൽ നടന്ന ഫുൾ ഡ്രസ് റിഹേഴ്സൽ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന പോർവിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾക്ക് വേദിയായി.കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. സേനയുടെ മ്യൂസിക്കൽ ബാൻഡ് സംഗീത വിരുന്നൊരുക്കി.
പിന്നാലെ ഇന്ത്യയുടെ പോർക്കപ്പലുകളായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കമാൽ, പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ചേർന്ന് തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കി.വിമാന വാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽ നിന്നുള്ള എയർ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ സേനയുടെ ഉൾക്കരുത്തിന്റേയും നീക്കങ്ങളിലെ കൃത്യതയുടേയും മികവ് എടുത്തുകാട്ടി. സീ കേഡറ്റ് അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ് ഡാൻസ് പരിപാടിയെ വ്യത്യസ്തമാക്കി. എല്ലാ പോർക്കപ്പലുകളും തീരക്കടലിൽ ദീപാലങ്കൃതമായി അണിനിരന്നതോടെ റിഹേഴ്സലിന് സമാപനമായി.
