ചിത്രം :യഹിയ പത്തനംതിട്ട
തദ്ദേശ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് സന്ദര്‍ശിച്ചു.
നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. പന്തളം, പത്തനംതിട്ട നഗരസഭകളിലെയും മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങാണ് നടന്നത്.
സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബല്‍ വോട്ടിംഗ് മെഷീനില്‍ ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി. നഗരസഭ, ത്രിതല പഞ്ചായത്ത് എന്നിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്നത്.
വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി മെഷീനില്‍ വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് ലേബലാണ് പതിക്കുന്നത്. നഗരസഭയ്ക്കും ഗ്രാമപഞ്ചായത്തിനും വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീല നിറത്തിലുള്ള ലേബലാണ് ഉപയോഗിക്കുന്നത്. സ്ഥാനാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ബാലറ്റ് യൂണിറ്റ് ക്രമീകരിക്കുന്നത്. സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിങ് മെഷീന് കമ്മീഷനിങ് നടത്തിയത്. വോട്ടെടുപ്പിന്റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് യന്ത്രം കൈമാറും.
പന്തളം നഗരസഭയുടെയും ബ്ലോക്കിന്റെയും കമ്മീഷനിംഗ് പന്തളം എന്‍എസ്എസ് കോളജിലും പത്തനംതിട്ട നഗരസഭയുടെ കാതോലിക്കേറ്റ് കോളജിലും നടന്നു.
റാന്നി ബ്ലോക്കിന്റെ റാന്നി സെന്റ് തോമസ് കോളജിലും കോയിപ്രത്തെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പറക്കോടിന്റെ അടൂര്‍ ബിഎഡ് സെന്ററിലും കോന്നിയുടെ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് കമ്മീഷനിങ് നടന്നത്. ഡിസംബര്‍ അഞ്ചിന് പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക്, തിരുവല്ല നഗരസഭ എന്നിവയുടെ കമ്മീഷനിങ് നടക്കും.ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആറാം ക്ലാസ് പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഡിസംബര്‍ 13 ന് നടക്കും. navodaya.gov.in/ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10 ന് മുമ്പ് എത്തണം. ഫോണ്‍ : 04735 294263, 9591196535.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (കാറ്റഗറി നം. 517/19) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
സ്കോള്‍ കേരള
ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീ സ്കൂള്‍ മാനേജ്മെന്റ് കോഴ്സ് ആദ്യ ബാച്ച് പരീക്ഷ 2026 ജനുവരി മൂന്നിന് ആരംഭിക്കും. തിയറി പരീക്ഷ ജനുവരി മൂന്ന്, നാല്, 10 തീയതികളിലും പ്രായോഗിക പരീക്ഷ ജനുവരി 17,18,25 തീയതികളിലും അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വെബ് സൈറ്റ് : www.scolekerala.org
ഫോണ്‍ : 0471 2342950, 2342271, 2342369.
ഭിന്നശേഷി ദിനാഘോഷം
സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്ന ശേഷി ദിനാഘോഷം തിരുവല്ല ബോധനയില്‍ സംഘടിപ്പിച്ചു. പത്തനാപുരം ഗാന്ധിഭവന് ഡയറക്ടര്‍ പുനലൂര്‍ സോമരാജന് സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡി ഇ ഒ പി ആര് മല്ലിക അധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ റെനി ആന്റണി , ഫാ.ബിനീഷ് സൈമണ്‍ കാഞ്ഞിരത്തിങ്കല്‍, റോയ് റ്റി മാത്യു, ആരതി കൃഷ്ണ, വി കെ മിനി കുമാരി, എ വി ജോര്‍ജ്, ഷാജി മാത്യു എന്നിവര്‍ പങ്കെടുത്തു.
ക്ലിന്റ് സ്മാരക ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ 14 ന്
ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ന് രാവിലെ 9.30 മുതല്‍ 12.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രജിസ്ട്രേഷന് രാവിലെ 8.30 മുതല്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (5-8 വയസ്), വെള്ള (9-12), നീല (13-16), പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (5-10) ചുവപ്പ് (11-18) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം.
പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പുകളെ നാലു ഉപഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തിന്റെ വിഷയം തല്‍സമയത്ത് നല്‍കും. ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കും പങ്കെടുക്കാം.
ചിത്രം വരയ്ക്കുന്നതിന് പേപ്പര്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കും. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരണം. ജലഛായം, എണ്ണഛായം, പെന്‍സില്‍ എന്നിവ ഉപയോഗിക്കാം. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്ന് സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ മത്സരസ്ഥലത്ത് എത്തിച്ചേരണം. ഫോണ്‍: 8547716844, 9645374919.
മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം, പ്ലസ് ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്റെ സൗജന്യ പരിശീലനം ഡിസംബര്‍ 10 മുതല്‍. പരിശീലന കാലാവധി 30 ദിവസം. പ്രായം 18 – 49. ഫോണ്‍: 0468 2270243, 04682992293.
പി എസ് സി അഭിമുഖം
ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നം. 742/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 17,18,19 തീയതികളില്‍ പത്തനംതിട്ട പി എസ് സി ഓഫീസില്‍ അഭിമുഖം നടക്കും.
വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തി വിവരകുറിപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.
