Trending Now

 പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് യോഗ   നന്നായി വഴങ്ങും  

ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ ഉള്‍പ്പടെ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തില്‍ നടന്ന യോഗ ദിനാചരണം അവിസ്മരണീയമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും യോഗ ചെയ്തത്. ഔദ്യോഗിക ചര്‍ച്ചകളും ഫയല്‍ തീര്‍പ്പാക്കലും മാത്രമല്ല പവനമുക്താസനവും മേരുദ്ണ്ഡാസനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് കലക്ടര്‍ തെളിയിച്ചു. എഡിഎം അനു എസ് നായരും അടൂര്‍ ആര്‍ ഡി ഒ എം.എ.റഹീമും തിരുവല്ല ആര്‍ഡിഒ ജയമോഹനനും ഡെപ്യുട്ടി കളക്ടര്‍ റ്റിറ്റി ആനി ജോര്‍ജും കലക്ടറുടെ ഒപ്പം കൂടിയതോടെ യോഗ ദിനാചരണം മികവുറ്റതായി. യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് യോഗ ചെയ്ത ഉദ്യോഗസ്ഥരില്‍ പലരും കലക്ടറുടെ ഒപ്പമെത്താന്‍ നന്നേ പ്രയാസപ്പെട്ടു.
മസൂറിയിലെ ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചതാണ് യോഗാസനവുമായുള്ള തന്റെ കൂട്ടെന്ന് കലക്ടര്‍ പറഞ്ഞു. അന്നൊക്കെ രാവിലെ 6.30 മുതല്‍ 7.30 വരെ യോഗ പരിശീലിക്കുമായിരുന്നു. ഇന്ന് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ യോഗ തുടരാനാവാത്തതിന്റെ ദുഖവും കലക്ടര്‍ പങ്കിട്ടു.
എം ജി ദിലീപ് ആയിരുന്നു യോഗ ഇന്‍സ്ട്രക്ടര്‍. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ജൂനിയില്‍ സൂപ്രണ്ട് കൂടിയാണ് ദിലീപ്. പത്തുവര്‍ഷത്തിലേറയായി യോഗാ പരിശീലനരംഗത്ത് പ്രവര്‍ത്തിക്കുന്നു. കൂടാതെ 30 വര്‍ഷത്തിലേറെയായി കുങ്ഫു ആയോധന കലയിലും പരിശീലനം നല്‍കുന്നുണ്ട്. കുന്നന്താനം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ യോഗാ ഗ്രാമമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ദിലീപിന്റെ ഇച്ഛാശക്തിയാണ്. യോഗ പരിശീലനത്തിനത്തിലൂടെ ശരീരത്തിന് വിവരണാതീതമായ ആരോഗ്യസൗഖ്യം കൈവരിക്കാന്‍ സാധിക്കുമെന്നും ഇതിനായി എല്ലാവരും കുറച്ചു സമയമെങ്കിലും നീക്കിവയ്ക്കണമെന്നും ദിലീപ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!