. ജിഷ്ണു പ്രണോയ് കേസിലും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർഥിയെ മർദ്ദിച്ച കേസുമായും ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. രണ്ടു കേസിലും പ്രതിയായ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി.
കേസിൽ സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇന്ന് സുപ്രീംകോടതിയിൽ ഹാജരായത്. വളരെ ഗൗരവമേറിയ കേസാണിതെന്നും കൃഷ്ണദാസിന് നൽകിയ ജാമ്യം റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിട്ടിരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഗൗരവകരമാണെന്ന് സമ്മതിച്ച കോടതി വിഷയത്തിൽ സിബിഐയുടെ അഭിപ്രായം തേടാൻ തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കകം സിബിഐ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതുവരെ കൃഷ്ണദാസ് കേരളത്തിൽ കടക്കാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിൽ പോകാം. നെഹ്റു ഗ്രൂപ്പിന്‍റെ ഓഫീസ് പ്രവർത്തിക്കുന്ന കോയന്പത്തൂരിൽ തന്നെ കൃഷ്ണദാസ് തുടരണമെന്നും കോടതി ഉത്തരവിട്ടു.