Trending Now

കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അസാധു 293.30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ്

കോഴഞ്ചേരി ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ ചെയര്‍മാനായ കോഴഞ്ചേരി കലമണ്ണില്‍ കെ.ജെ എബ്രഹാം കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അനുവദനീയമായതില്‍ കൂടുതലായി കൈവശം വച്ചിരുന്ന 293.30 ഏക്കര്‍ സ്ഥലം (118.74.65 ഹെക്ടര്‍) മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ അനു എസ്.നായര്‍ ഉത്തരവായി. കേരള ഭൂപരിഷ്‌കരണ നിയമം 85-ാം വകുപ്പ് പ്രകാരം കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ താലൂക്കുകളിലുള്ള ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുള്ളത്. ആകെ 118.74.65 ഹെക്ടര്‍ സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുക്കുന്നത്. ഏഴു ദിവസത്തിനകം സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കെ.ജെ എബ്രഹാം ചെയര്‍മാനായ രണ്ട് സൊസൈറ്റികള്‍ക്കും വ്യത്യസ്ഥ രജിസ്‌ട്രേഷനുകള്‍ ഉണ്ടെങ്കിലും ഭരണസമിതി അംഗങ്ങളിലും ഭാരവാഹികളിലും ഭൂരിപക്ഷവും കെ.ജെ എബ്രഹാമും കുടുംബാംഗങ്ങളുമാണെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് ഭൂമി സമ്പാദിക്കുന്നതിന് കെ.ജെ എബ്രഹാം രൂപീകരിച്ചവയാണ് രണ്ട് സൊസൈറ്റികളെന്നും കഴിഞ്ഞ മാസം 12ന് ചേര്‍ന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ വ്യത്യസ്ഥങ്ങളായ സൊസൈറ്റികളുടെ പേരില്‍ മിച്ചഭൂമി കേസ് എടുത്തത് തെറ്റാണെന്ന കെ.ജെ എബ്രഹാമിന്റെ വാദം തള്ളിക്കളയുന്നതിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചു.
1970 ജനുവരി ഒന്നിന് ശേഷം പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം ഉണ്ടായിരുന്നു എന്ന് കണ്ടെത്തുന്ന വ്യക്തി, സ്ഥാപനം, കുടുംബം എന്നിവയ്‌ക്കെതിരെ വകുപ്പ് 87 പ്രകാരം സ്വമേധയാ നടപടി ആരംഭിക്കാവുന്നതാണ്. ഇങ്ങനെ നടപടി സ്വീകരിക്കുമ്പോള്‍ പ്രസ്തുത വ്യക്തി 1970 ജനുവരി ഒന്നിനു ശേഷം ആര്‍ജിച്ച ഭൂമികൂടി ഉള്‍പ്പെടുത്തുകയെന്നതാണ് ചട്ടം. ഇതിനാല്‍ 1970 ജനുവരി ഒന്നിനു ശേഷം ആര്‍ജിച്ചിട്ടുള്ള ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് കരട് സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുള്ളതെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗം നിരീക്ഷിച്ചു. ഇതിനാല്‍ 1970 ജനുവരി ഒന്നിനുശേഷം വാങ്ങായിട്ടുള്ള ഭൂമികളെ സംബന്ധിച്ച് പ്രത്യേകം നടപടി സ്വീകരിക്കണമെന്നുള്ള തര്‍ക്കം തള്ളിക്കളയുന്നതിനും തീരുമാനിച്ചു.
രണ്ട് സൊസൈറ്റികളെ രണ്ട് വ്യക്തി എന്ന് കണക്കാക്കി മിച്ചഭൂമി കേസ് നടപടി സ്വീകരിക്കുന്നതിനും കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിക്കും 15 സാധാരണ ഏക്കര്‍ നിശ്ചയിക്കാനും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പ് 81 (1) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൂമിയും കളിസ്ഥലങ്ങളും ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കപ്പെടും. എന്നാല്‍ ഇളവ് അനുവദിക്കുന്നതിന് അവകാശപ്പെടുന്ന ഭൂമി 1964 ഏപ്രില്‍ ഒന്നിന് മുന്‍പ് ഇതേ ആവശ്യത്തിന് ഉപയോഗിച്ചുവരുന്നതായിരിക്കണം. മുന്‍പ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഇക്കാര്യം പരിശോധിച്ച് കെ.ജെ എബ്രഹാമിന് 8.79.10 ഹെക്ടര്‍ സ്ഥലം അനുവദിച്ചത് ശരിയാണെന്നും ഇതില്‍ കൂടുതല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. കൂടാതെ വകുപ്പ് 81 (3) പ്രകാരം സര്‍ക്കാര്‍ ഇളവ് അനുവദിച്ച 11.94.72 ഹെക്ടര്‍ ഭൂമികൂടി കരട് സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തി ഇളവ് അനുവദിച്ചിട്ടുള്ളതാണ്. ഇതില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള ഭൂമി ഇല്ലായെന്നും യോഗം തീരുമാനിച്ചു.
കെ.ജെ എബ്രഹാം കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയിട്ടുള്ള ഭൂമി കൈമാറ്റങ്ങള്‍ കേരള ഭൂപരിഷ്‌കരണ നിയമം വകുപ്പ് 84 പ്രകാരം അസാധുവാണെന്ന് യോഗം വിലയിരുത്തി. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) പ്രകാരമുള്ള ഇളവ് ആറന്മുള വിമാനത്താവള കമ്പനിക്ക് അനുവദിക്കുന്നതിന് കഴിയില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും ആറന്മുള വിമാനത്താവള പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ തുടരേണ്ടതില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും നിരീക്ഷിച്ചാണ് ഈ നിഗമനത്തില്‍ യോഗം എത്തിച്ചേര്‍ന്നത്.
കേരള ഹൈക്കോടതിയുടെ സി.ആര്‍.പി 185/13 നമ്പര്‍ ഉത്തരവുപ്രകാരം കെ.ജെ എബ്രഹാമിന് പുതിയ കരട് സ്റ്റേറ്റ്‌മെന്റ് നല്‍കുകയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയമാനുസരണമാണ് തുടര്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി. കെ.ജെ എബ്രഹാമിന്റെ വാദം തള്ളിക്കൊണ്ട് സൊസൈറ്റിയുടെ പേരിലുള്ള ഭൂമിയുടെ അക്കൗണ്ട് പുനര്‍നിര്‍ണയിക്കുകയും ചെയ്തു. ഇതുപ്രകാരം കെ.ജെ എബ്രഹാമിന് ആകെയുള്ള ഭൂമി 151.62.57 ഹെക്ടര്‍ സ്ഥലമാണ്. ഇതില്‍ വകുപ്പ് 81 പ്രകാരം ഇളവ് അനുവദിച്ചത് 20.73.82 ഹെക്ടര്‍ സ്ഥലത്തിനാണ്. നെറ്റ് ഹോള്‍ഡിംഗ് 130.88.75 ഹെക്ടര്‍ സ്ഥലം. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റിക്ക് 06.07.05 ഹെക്ടര്‍ സ്ഥലവും ചാരിറ്റബിള്‍ എജ്യുക്കേഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് 06.07.05 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പടെ ആകെ 12.14.10 ഹെക്ടര്‍ സ്ഥലമാണ് കൈവശം വയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. മിച്ചഭൂമിയായി 118.74.65 ഹെക്ടര്‍ സറണ്ടര്‍ ചെയ്യണമെന്നാണ് ഉത്തരവ്.
അനുവദനീയമായതില്‍ കൂടുതല്‍ ഭൂമി സമ്പാദിച്ചതിനെ തുടര്‍ന്ന് കെ.ജെ എബ്രഹാമിനെതിരെ മിച്ചഭൂമി കേസ് ആരംഭിക്കുന്നതിന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് 2012 ജൂലൈ മൂന്നിന് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2013 ഏപ്രില്‍ 10ന് 136.3119 ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനിടെ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ കാലാവധി അവസാനിച്ചതിനാല്‍ സിറ്റിംഗ് നടത്തി ഉത്തരവ് നല്‍കുന്നതിന് സാധിച്ചിരുന്നില്ല. ഈ വര്‍ഷം ജനുവരി മൂന്നിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച് ഉത്തരവായിരുന്നു. മാര്‍ച്ച് 30ന് ചേര്‍ന്ന ആദ്യ സിറ്റിംഗില്‍ ഈ കേസ് പുതുതായി ആരംഭിക്കുന്നതിന് തീരുമാനിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!