Trending Now

മര്‍മ്മമറിഞ്ഞു പ്രവര്‍ത്തിച്ചാല്‍….

കഥ ..

………………………………..

സിബി നെടുംചിറ

…………………………………….

‘ സന്ധ്യാ ഞാനിന്നൊരു ഹാഫ് ഡേ ലീവെടുത്തു’

‘നീയും മക്കളും വേഗം റെഡിയാകൂ’

ഇന്ന് നമ്മള്‍ക്കൊരു ഔട്ടിങ്ങ് ആകാം’’

‘അതെന്താ കിരണേട്ടാ ഇത്ര പെട്ടന്ന്‍’

‘എടീ കഴുതേ നീയല്ലേ ഇന്നലെ പറഞ്ഞത് നിനക്കും മക്കള്‍ക്കും ജംബോ സര്‍ക്കസ് കാണണമെന്ന്’

‘ശരിയാണല്ലോ ഞാനതങ്ങു മറന്നു’

‘ദേ കിരണ്‍ എത്തേണ്ട താമസം ഞങ്ങള്‍ റെഡി’

പിന്നെയൊരു കാര്യം നീയിന്നു ഭക്ഷണമൊന്നും ഉണ്ടാക്കണ്ട, ഇന്നത്തെ ഡിന്നര്‍ നിനക്കും മക്കള്‍ക്കും ഇഷ്ടമുള്ള ചൈനീസ്‌ രസ്റ്റോറണ്ടില്‍ നിന്നുമാകാം…

അച്ഛനും അമ്മയ്ക്കുമുള്ളത്‌ പാര്‍സലായി വാങ്ങിക്കാം സന്തോഷം കൊണ്ട് അവളുടെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നത് ഫോണിന്‍റെ മറുതലക്കലിരുന്നുകൊണ്ട് അയാള്‍ തൊട്ടറിഞ്ഞു, കിരണ്‍ ഫോണ്‍ സ്വിച്ചോഫ്‌ ചെയ്ത് പോക്കറ്റിലിട്ടശേഷം കാറില്‍ കയറി അപ്പോഴാണ്‌ വൈബ്രേഷനിലിട്ട ഫോണ്‍ പോക്കറ്റില്‍ കിടന്നു ഞരങ്ങുവാന്‍ തുടങ്ങിയത് അയാള്‍ റിസീവര്‍ ചെവിയോടടുപ്പിച്ചു…..

‘കിരണേട്ടാ ഞാനിന്ന് ഏതു ഡ്രസ്സാണ് ധരിക്കേണ്ടത്…’’

‘നിനക്കിഷ്ടമുള്ള പിങ്ക് ചുരീദാറിട്ടോളൂ’

‘അതാവുമ്പോള്‍ നിനക്ക് നല്ല മാച്ചാവും’

അയാള്‍ സീറ്റ്ബെല്‍റ്റിട്ടശേഷം കാര്‍ സ്റ്റാര്‍ട്ട് ചെയ്തു, ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു….ഓര്‍ത്തപ്പോള്‍ എല്ലാം ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നം പോലെ തോന്നുന്നു, കോടതി വരാന്തയോളം എത്താറായ ഞങ്ങളുടെ ജീവിതം ശിശിരത്തില്‍ വിരിഞ്ഞ പുഷ്പങ്ങള്‍ പോലെ ചാരുത നിറഞ്ഞിരിക്കുന്നു, ജീവിതത്തിന്‍റെ മര്‍മ്മമറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ തന്നെ ഉപദേശിച്ച പ്രിയപ്പെട്ട കൂട്ടുകാരാ നിനക്കൊരായിരം നന്ദി….

ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ സ്പീഡിനൊപ്പം അയാളുടെ മനസ്സും സഞ്ചരിച്ചു…

മനസ്സില്‍ കുമിഞ്ഞു കൂടിയ ദേഷ്യത്തിന്‍റെ പേരുമഴയുമായിട്ടായിരുന്നു അന്നും താന്‍ ഓഫീസില്‍ ചെന്നത് അതിന്‍റെ പരിണത ഫലം അനുഭവിക്കുന്നത് പാവം കീഴ്ജീവനക്കാരും’ കസ്റ്റമേഴ്സും, ഇതിപ്പോള്‍ നിത്യ സംഭവമായിരിക്കുന്നു ഇതിനോടകം തന്നെ പറ്റിയുള്ള കംപ്ലയിന്‍റെ് മേലുദ്യാഗസ്ഥന്‍റെ ചെവിയിലുമെത്തിക്കഴിഞ്ഞിരുന്നു, പല പ്രാവശ്യം താക്കീതും ലഭിച്ചു ….

.അന്നുച്ചക്ക് ലഞ്ചു കഴിക്കുവാന്‍ വിജയ്‌ ക്കൊപ്പമാണു ഹോട്ടലില്‍ പോയത്, തന്‍റെ സഹപാഠിയും, സഹപ്രവര്‍ത്തകനുമാണ് വിജയ്‌… തന്‍റെ പ്രശ്നങ്ങള്‍ കുറച്ചൊക്കെ അവനറിയാം
ആവിപറക്കുന്ന ഭക്ഷണത്തിനു മുന്നിലിരിക്കെ വിജയ്‌ തന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കുന്നുണ്ടായിരുന്നു മനസ്സില്‍ അലയടിച്ചിരുന്ന അശാന്തിയുടെ നിഴലുകള്‍ അവിടെ തെളിഞ്ഞു നിന്നതുകൊണ്ടായിരിക്കണം അവന്‍ എന്നോട് ചോദിച്ചത്

‘കിരണ്‍ നിനക്ക് എന്താ പറ്റിയത്….?’

‘കുറച്ച് ദിവസമായിട്ട് ചോദിക്കണം എന്നു വിചാരിക്കുന്നു’

‘ നീയും സന്ധ്യയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ…..?’

ഹോട്ടലിലെ തുറന്നിട്ട ജാലക പഴുതിലൂടെ മുറ്റത്ത് എന്തൊക്കെയോ കൊത്തിപ്പെറുക്കുന്ന കാക്കക്കൂട്ടങ്ങളില്‍ ദൃഷ്ടികള്‍ പതിഞ്ഞിരുന്ന തന്നില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസമുയര്‍ന്നു പിന്നെ ചുണ്ടുകള്‍ ചലിച്ചു….

‘ശരിയാ വിജയ്‌’

ഞങ്ങള്‍ക്ക് പരസ്പരം തീര്‍ത്തും യോജിച്ചു പോകുവാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു, എത്ര ശ്രമിച്ചിട്ടും അവളെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല, ഒരേ കൂരയില്‍ കഴിയുന്ന രണ്ടു ശത്രുക്കള്‍ അതാണ് ഞങ്ങളിപ്പോള്‍, വിവാഹ മോചനത്തെ പറ്റിയും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു,

കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോഴാണ് സങ്കടം…..
.
ഇപ്പോള്‍ ഞങ്ങള്‍ രണ്ടാളെയും ഒരുമിച്ചു കാണുമ്പോള്‍ അവരും വല്ലാതെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു…

എടാ പോത്തേ ബന്ധം വേര്‍പെടുത്തുവാന്‍ ആര്‍ക്കും കഴിയും, , അതിന്‍റെ നൂലിഴകള്‍ക്ക് വിള്ളലില്ലാതെ കൂട്ടിക്കെട്ടി പോകുന്നതിലാണ് ജീവിത വിജയം….

ഞാനും രേഖയും ആയിട്ട് പ്രശ്നമില്ലന്നാണോ നീ വിചാരിക്കുന്നത്…..?

എടാ ഞങ്ങള്‍ തമ്മിലും പ്രശ്നങ്ങളുണ്ട്,

എന്നാല്‍ ഒരു രാത്രിക്കപ്പുറം അതു നീണ്ടുപോകില്ല, വളരാന്‍ അനുവദിക്കില്ല എന്നു പറയുന്നതായിരിക്കും ശരി…

ഒരു തലോടലിലൂടെ, ഒരാശ്വാസ വാക്കിലൂടെ, പരസ്പര ചര്‍ച്ചകളിലൂടെ, പരിഹരിക്കാവുന്നതാണ് ഭാര്യാ ഭര്‍ത്താക്കന്‍ മാര്‍ക്കിടയിലെ മിക്ക പ്രശ്നങ്ങളും…..

അതു മനസ്സിലാക്കാതെ പ്രശ്നങ്ങള്‍ വളരുവാന്‍ അനുവദിക്കുന്നതു കൊണ്ടാണ് പല കുടുംബ ബന്ധങ്ങള്‍ക്കും ഉലച്ചില്‍ തട്ടുന്നത്…

നമ്മള്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല പ്രശ്നങ്ങളുള്ളത്,

സ്ത്രീകള്‍ക്കുമുണ്ട് പ്രശ്നങ്ങള്‍

അതു മനസ്സിലാക്കുന്നിടത്താണ് ജീവിത വിജയം
എന്നാല്‍ നമ്മുടെ ഈഗോ അതിനനുവദിക്കുന്നില്ല. അവിടെ തുടങ്ങുന്നു പ്രശ്നങ്ങളും…

‘ആട്ടെ എന്നെങ്കിലും സന്ധ്യയുടെ മനസ്സറിയുവാന്‍ നീ ശ്രമിച്ചിട്ടുണ്ടോ….?’

‘അതിന് അവള്‍ക്ക് എന്തിന്‍റെ കുറവാ…..?’

‘വലിയ വീട്, കാറ് ,നല്ല ഭക്ഷണം, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍. അങ്ങനെ എന്തെല്ലാം….ഇതിലപ്പുറം ഒരു സ്ത്രീക്ക് എന്താ വേണ്ടത്….’

‘കിരണ്‍ നീയിപ്പോഴും മൂഡസങ്കല്‍പ്പത്തിലാണ്,’

ഇതൊന്നുമില്ലെങ്കിലും ഒരു സ്ത്രീക്ക് ജീവിക്കാനാവും, തിരക്കേറിയ ജീവിതത്തില്‍ നമ്മള്‍ പുരുഷന്മാര്‍ മറന്നുപോകുന്ന പല കാര്യങ്ങളുമുണ്ട്,

‘ ആട്ടെ നിനക്കവളുടെ ബെര്‍ത്ത്‌ഡേ എന്നാണന്നു ഓര്‍മ്മയുണ്ടോ…..?’

‘സമീപത്തിരുന്നു സുഖവിവരങ്ങള്‍ അന്വേഷിക്കാറുണ്ടോ…?’

‘ ഭാര്യയുടെ കുറ്റങ്ങള്‍ മാത്രം വര്‍ണ്ണിക്കുമ്പോള്‍ എന്നെങ്കിലും അവളിലെ നന്മകള്‍ കാണുവാന്‍ ശ്രമിക്കാറണ്ടോ…?

‘ഏറ്റവും കുറഞ്ഞത് വിവാഹ വാര്‍ഷികത്തിനെങ്കിലും ഒരുമിച്ച് പുറത്തു പോകാറുണ്ടോ….?’

എടാ. സ്നേഹം മനസ്സില്‍ കെട്ടികിടക്കേണ്ട ഒന്നല്ല, അതു പ്രകടിപ്പിക്കുവാനുള്ളതാണ് അപ്പോള്‍ വീര്യം കെടാത്ത പുതുവീഞ്ഞിനു തുല്യമാകും ജീവിതവും….

അതിന്‍റെ നഷ്ടബോധം ശരിക്കും മനസ്സിലാകുന്നത് പങ്കാളികളില്‍ ഒരാള്‍ ചത്തു മലച്ചു കിടക്കുമ്പോഴാണ് അതു മനസ്സിലാക്കുവാന്‍ വലിയ ഡിഗ്രിയുടെയൊന്നും ആവശ്യമില്ല,

‘കിരണ്‍ നിനക്കറിയുമോ സ്ത്രീകളുടെ ഒരു സൈക്കോളജി,’

എന്താണന്നര്‍ത്ഥത്തില്‍
കിരണ്‍ മിഴികളുയര്‍ത്തി അവനെ നോക്കി
നമ്മള്‍ ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്നേഹിക്കുന്നുണ്ടന്നു അവര്‍ക്ക് ബോദ്ധ്യം വന്നാല്‍ മാത്രം മതി ഇരട്ടി സ്നേഹം കൊണ്ട് അവര്‍ നമ്മളെ വീര്‍പ്പുമുട്ടിക്കും അതോടൊപ്പം സ്വന്തം കുടുംബാഗങ്ങള്‍ക്കു വേണ്ടി കഴുതയെപ്പോലെ ജോലി ചെയ്യുവാനും അവര്‍ക്ക് മടിയില്ല

. ഇനി നീ മനസ്സിരുത്തി ഒന്നാലോചിച്ചു നോക്ക് എവിടെയാണ് ജീവിതത്തിന് വിള്ളല്‍ സംഭവിച്ചതെന്ന് എന്നിട്ടു മതി ജീവിതം അറുത്തുമുറിക്കാന്‍…

കലുഷിതമായ മനസ്സോടു കൂടിയായിരുന്നു അന്നു ഓഫീസ് കഴിഞ്ഞു കിരണ്‍ വീട്ടിലേക്ക് യാത്ര തിരിച്ചത്, വിജയ്‌ പറഞ്ഞ വാക്കുകള്‍ വീണ്ടുംവീണ്ടും അയാളുടെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്നു, പത്തു വര്‍ഷം പിന്നിട്ട തന്‍റെ ദാമ്പത്യജീവിതം, ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ സന്തോഷപ്രദമായിരുന്നു,

ഒന്നിച്ചുറങ്ങി, ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ച്, ഇടക്കൊക്കെ യാത്രപോയും, സിനിമ കണ്ടും അവളോടോപ്പം ചിലവഴിക്കുവാന്‍ താന്‍ സമയം കണ്ടെത്തിയിരുന്നു, അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു, പകരം സ്നേഹം കൊണ്ട് അവളെന്നെ പൊതിഞ്ഞിരുന്നു വര്‍ഷങ്ങള്‍ കഴിയുന്തോറും ആ സ്നേഹത്തിനു ഉലച്ചില്‍ തട്ടിത്തുടങ്ങി, അവളുടെ കാര്യത്തില്‍ താനത്രേ ശ്രദ്ധിക്കാതെയായി ഒപ്പം ജീവിതത്തിലും വിരസത അനുഭവപ്പെട്ടു തുടങ്ങി, തന്‍റെ അച്ഛനമ്മമാര്‍ക്കും, മക്കള്‍ക്കും വേണ്ടി ഭക്ഷണം പാകം ചെയ്തും, താനടക്കമുള്ള എല്ലാവരുടെയും വിഴുപ്പലക്കിയും വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ അവള്‍ ബന്ധിക്കപ്പെട്ടു..

അതൊക്കെ ഒരു ഭാര്യയുടെ ഉത്തരവാദിത്ത്വമായിട്ടാണു തനിക്ക് തോന്നിയത്, അവളുടെ ആവലാതികള്‍ കേള്‍ക്കുവാനോ, തലോടി ഒന്നാശ്വസിപ്പിക്കുവാനോ, തന്നിലെ ഈഗോ അനുവദിച്ചില്ലന്നു മാത്രമല്ല കര്‍ക്കശക്കാരനായ അച്ഛന്‍റെ നിര്‍ബന്ധങ്ങള്‍ കുറച്ചൊക്കെ തനിക്കും പകര്‍ന്നുകിട്ടിയിരുന്നു അതും കൂടിയായപ്പോള്‍ ഇടക്കൊക്കെ അവള്‍ പ്രതികരിക്കുവാനും തുടങ്ങിയിരുന്നു, പിന്നീട് പരസ്പര വഴക്കും, കൈയ്യേറ്റവും നിത്യസംഭവമായി കിടപ്പറയില്‍ പോലും രണ്ടപരിചിതര്‍ അതായിരുന്നു തങ്ങള്‍…
പെട്ടന്നാണ് പോക്കറ്റില്‍ കിടന്ന ഫോണ്‍ ഞരങ്ങുവാന്‍ തുടങ്ങിയത് സൈഡിലേക്ക് കാര്‍ ഒതുക്കി നിര്‍ത്തിയശേഷം ഫോണിന്‍റെ റിസീവര്‍ ചെവിയോടടുപ്പിച്ചു

‘എടാ എന്‍റെ വക ഒരു ഹാപ്പി ബെര്‍ത്ത്‌ ഡേ പറയുവാന്‍ മറക്കരുത്’

മറുതലക്കല്‍ നിന്നും വിജയുടെ ശബ്ദം

‘ആരുടെ ബര്‍ത്ത് ഡേ’

‘എന്‍റെ ബര്‍ത്ത് ഡേ കഴിഞ്ഞ മാസമായിരുന്നല്ലോ’

‘നീ വിഷും ചെയ്തിരുന്നല്ലോ’

‘എടാ കഴുതേ നീ ഫെയ്സ്ബുക്ക് തുറന്ന് നോക്ക്’
‘നിന്‍റെ ഭാര്യയുടെ ബര്‍ത്ത് ഡേയാണിന്ന്‍’

കിരണ്‍ മോബൈലെടുത്ത് ഫെയ്സ് ബുക്ക്‌ ലോജിംഗ് ചെയ്തു അവന്‍ പറഞ്ഞതു ശരിയാ, അവളുടെ ബര്‍ത്ത് ഡേ ആണിന്ന് വിജയ്‌ അടക്കം ധാരാളം പേര്‍ വിഷും ചെയ്തിരുക്കുന്നു,

താനെന്തൊരു മണ്ടന്‍ അയാള്‍ക്ക് വല്ലാത്ത കുറ്റബോധം തോന്നി, അല്ലെങ്കിലും കുറെ വര്‍ഷങ്ങളായിട്ടു അവളുടെ ബര്‍ത്ത് ഡേ യൊന്നും ഞാനോര്‍ക്കാറില്ല, തങ്ങളുടെ ജീവിതത്തിലെ അശാന്തിയുടെ കാരണങ്ങള്‍ അവനു മനസ്സിലായി, കിരണ്‍ നേരെ പോയത് പട്ടണത്തിലെ കൊള്ളാവുന്ന ടെക്സ്റ്റയില്‍സിലേക്കായിരുന്നു,

‘എന്തു വേണം സര്‍,’

‘ഒരു സാരി വേണം’

സെയില്‍സ് ഗേള്‍ സാരിയുടെ ഭാഗത്തേക്കയാളെ കൂട്ടി കൊണ്ടു പോയി, പുതിയ സെലക്ഷനിലുമുള്ള കുറേ സാരികള്‍ അയാള്‍ക്കു മുന്നില്‍ നിരത്തിവെച്ചു, ഇതില്‍ ഏതു സെലക്ട് ചെയ്യും അവളുടെ ഇഷ്ടാനിഷ്ടങ്ങളൊക്കെ എന്നേ മറന്നിരിക്കുന്നു,

‘കിരണേട്ടാ എനിക്കിഷ്ടം ഈ പിങ്ക് കളറാണ്’

‘കിരണേട്ടന് ഈ ആകാശ നീല നല്ലവണ്ണം ചേരും’
വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ അവള്‍ പറഞ്ഞത് ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു

.പിന്നെ മടിച്ചില്ല സെയില്‍സ് ഗേല്‍ ചൂണ്ടിക്കാട്ടിയ പിങ്കു നിറത്തിലുള്ള ഒരു പുതിയ മോഡല്‍ സാരി സെലക്ട് ചെയ്തു.. ഇതവള്‍ക്ക് നല്ല മാച്ചായിരിക്കും കൌണ്ടറില്‍ പോയി ബില്‍ പേ ചെയ്തശേഷം സാരിയുമായി വീട്ടിലേക്ക് തിരിച്ചു…..
അന്നും പതിവു നിര്‍വികാരതയോടെയാണ് സന്ധ്യ ബെഡ് റൂമിലെത്തിയത്, കുറച്ചു നാളായി തങ്ങള്‍ക്കിടയില്‍ സംസാരം വളരെ കുറവാണ്, അതുകൊണ്ട് അവള്‍ക്ക് മുന്നില്‍ തല കുമ്പിടുവാന്‍ ഒരു വിഷമം, സമ്മാനപ്പൊതി കൊടുക്കുമ്പോള്‍ അവളുടെ പ്രതികരണം എന്താണന്നും അറിഞ്ഞുകൂടാ, ഒരു പക്ഷേ തന്‍റെ മുഖത്തേക്ക് ആ സമ്മാനപ്പൊതി വലിച്ചെറിഞ്ഞാല്‍…….
ഏതായാലും ഒന്നു പരീക്ഷിച്ചു നോക്കാം, ബെഡ്ഡിന്‍റെ ഓരം ചേര്‍ന്നു കിടക്കാനൊരുങ്ങിയ അവളെ സര്‍വ്വ ധൈര്യവും സംഭരിച്ചു അയാള്‍ വിളിച്ചു
‘ സന്ധ്യേ ’
അവള്‍ തിരിഞ്ഞുനോക്കി
ഇതുതന്നെ പറ്റിയ അവസരം കിരണ്‍ ഭാര്യയുടെ തോളില്‍ മൃദുവായി തട്ടി, എന്നിട്ട് അവളുടെ ചെവിയില്‍ മന്ത്രിച്ചു
‘ഹാപ്പി ബെത്ത് ഡേ സന്ധ്യാ..’
.’സോറി ഫോര്‍ ലേറ്റ്’
അത്ഭുതം കൊണ്ട് മിഴിഞ്ഞ കണ്ണുകളോടെ അവള്‍ ഭര്‍ത്താവിനെ നോക്കി, അവളുടെ മുഖം കൂടുതല്‍ രക്തവര്‍ണ്ണമായി…
തങ്ങള്‍ക്കിടയിലുണ്ടായിരുന്നു പകയും വിദ്വേഷവും അലിഞ്ഞില്ലാതാകുന്നത് അവര്‍ തിരിച്ചറിഞ്ഞു, പിന്നീട് ജന്മദിന സമ്മാനമായി വാങ്ങിയ ഗിഫ്റ്റ് പാക്കറ്റ് ഭാര്യയുടെ കൈയില്‍ വെച്ചുകൊടുത്തു, അവളത് തുറന്നുനോക്കി, സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല, വര്‍ഷങ്ങള്‍ക്കു ശേഷം കിരണ്‍ തനിക്കൊരു സമ്മാനം നല്കിയിരിക്കുന്നു,
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് കളറിലുള്ള സാരി….
അന്നു രാത്രി അവളുടെ കരവലയങ്ങള്‍ അവനെ പൊതിഞ്ഞു, പുറത്ത് ആര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ക്കൊപ്പം ആനന്ദനിവൃതിയുടെ സീല്‍ക്കാരങ്ങളും…
അവള്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയശേഷം ബെഡ് കോഫിയുമായി ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു….
ദിവസങ്ങള്‍ കഴിയവേ കിരണില്‍ വന്ന മാറ്റങ്ങള്‍ ക്കണ്ട് ഓഫീസിലുള്ള അവന്‍റെ സഹപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടു മനസ്സിലെ സന്തോഷം മുഖത്തും പ്രകടമായി പഴയ ദേഷ്യമില്ല, എടുത്തു ചാട്ടമില്ല, വളരെ സൌമ്യമായാണ് എല്ലാവരോടും പെരുമാരുന്നത്‌, ജോലിയിലും നല്ലവണ്ണം ശ്രദ്ധിക്കുവാന്‍ തുടങ്ങിയിരിക്കുന്നു ജോലിയിലെ മികവ് പ്രമോഷന്‍റെ തസ്തികയിലേക്കും അവനെ ഉയര്‍ത്തിയിരിക്കുന്നു’’’’

‘ദേ പപ്പാ വന്നൂ’
മക്കള്‍ കിച്ചുവും, കല്ലുവും ഓടിയെത്തിയപ്പോഴാണു താന്‍ കാര്‍പോര്‍ച്ചില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് ഏതാനും നിമിഷങ്ങളായെന്ന ബോദ്ധ്യം, മനസ്സിലേക്കോടിയെത്തിയത്
ഡോര്‍ തുറന്ന് വെളിയിലിറങ്ങിയശേഷം അവരുടെ കൈയും പിടിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി അപ്പോഴേക്കും സന്ധ്യയും ഓടിയെത്തി അയാളുടെ കൈയില്‍ നിന്നും ബാഗ് വാങ്ങി ബെഡ്റൂമില്‍ വെച്ചശേഷം ചായ ഇടുവാനായി അവള്‍ അടുക്കളയിലേക്ക് പോയി പിങ്ക് ചുരിദാറില്‍ അവള്‍ വളരെ സുന്ദരിയായിരിക്കുന്നു…..
പപ്പാ നമ്മള്‍ എപ്പഴാ പോകുന്നത്
ദേ പപ്പാ ചായ കുടിച്ചശേഷം ഒന്നു കുളിക്കേണ്ട താമസം ഉടനെ പോകാം ട്ടോ
സന്ധ്യ നല്‍കിയ ചായ ചുണ്ടിനോടടുപ്പിക്കവേ അവള്‍ അയാളോടു ചേര്‍ന്നിരുന്നു,
ദേ ഇന്ന്‍ കിരണേട്ടന്‍റെ അനുജത്തി പ്രിയ വിളിച്ചിരുന്നു
‘‘അവര്‍ തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങളാണ് കിരണേട്ടാ’
‘എന്താ കാരണമെന്ന് നീ ചോദിച്ചില്ലെ…?,
‘ചോദിച്ചു’
നമ്മള്‍ക്കിടയിലുണ്ടായിരുന്ന അതേ പ്രശ്നങ്ങള്‍ തന്നെ അവര്‍ക്കിടയിലും…
….ഒഴിഞ്ഞ ചായക്കപ്പ് ഭാര്യയെ ഏല്‍പ്പിക്കവേ അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു..

ജീവിതത്തിന്‍റെ മര്‍മ്മമറിഞ്ഞു പ്രവര്‍ത്തിക്കുവാനറിയാത്ത വിഡ്ഢികള്‍…..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!