Trending Now

കോന്നി താലൂക്കില്‍ വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ റദ്ദാക്കി

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കോന്നി താലൂക്കില്‍ വിതരണം ചെയ്ത
ഭൂമിയുടെ ആയിരക്കണക്കിന് കൈവശാവകാശ രേഖ റദ്ദാക്കി. കോന്നി
തഹസില്‍ദാരുടെ നടപടി ക്രമങ്ങളുടെ ഭാഗമായി അന്വേഷണത്തിന് ഒടുവിലാണ് പട്ടയം
റദ്ദാക്കിയത് . വനഭൂമി നിയമം ലംഘിച്ച് വിതരണം ചെയ്ത പട്ടയമാണ് കോന്നി
തഹസില്‍ദാര്‍ റദ്ദാക്കിയത്.
വനം വകുപ്പിന് കീഴില്‍ വരുന്ന 4835 ഏക്കര്‍ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുവാന്‍ കഴിയില്ലെന്ന നിയമം ലംഘിച്ചതോടെ 1843 പട്ടയങ്ങള്‍ റദ്ദാക്കുവാന്‍
കോന്നി തഹസില്‍ദാര്‍ നടപടി സ്വീകരിക്കുകയായിരുന്നു .

അനധികൃതമായി വന ഭൂമി പതിച്ചു നല്‍കുവാന്‍ കഴിയില്ലന്ന വനം നിയമം അനുസരിച്ചാണ്
പുതിയ നടപടി .സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍
വില്ലേജുകളിലെ 1,843 പട്ടയങ്ങളാണ് റദ്ദുചെയ്തത്. .പല ഭൂമിയും വര്‍ഷങ്ങളായി കൃഷി
ചെയ്തു വരുന്നതാണ് .കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഭൂമി കൈകാര്യം ചെയ്ത
നിവാസികള്‍ റവന്യൂ വകുപ്പിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു പട്ടയം നല്‍കിയത്
.പട്ടയ മേള നടത്തി കോന്നി താലൂക്കില്‍ 40 പട്ടയം വിതരണം ചെയ്തിരുന്നു .ഇവയും
റദ്ദാക്കി.
സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതുമായി
ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസില്‍ദാര്‍ വനം വകുപ്പിനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍
ഈ ഭൂമി വനഭൂമിയാണന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍
കഴിയില്ലന്നും കാട്ടി 2015 ഡിസംബര്‍ രണ്ടിന് റാന്നി ഡിഎഫ്ഒ ബി ജോസഫ് കോന്നി
തഹസില്‍ദാര്‍ക്ക് മറുപടി നല്‍കി. എന്നാല്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട്
മുഖവിലക്കെടുക്കാതെ റവന്യൂവകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടു പോയി. 2016
ജനുവരി 26 ന് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം
റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് വിളിച്ചു. തുടര്‍ന്ന് കോന്നിയില്‍ ഭൂമി പതിവ്
തഹസില്‍ദാരുടെ ഓഫീസും തുറന്നു.
ഈ ഓഫീസ് 4,126 കൈവശക്കാര്‍ക്കായി 4,865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍
തീരുമാനിച്ചു. ഇതില്‍ 1,843 പേര്‍ക്ക് പട്ടയം അനുവദിച്ചു. 2016 ഫെബ്രുവരി 28ന്
ചിറ്റാറില്‍ പട്ടയമേള സംഘടിപ്പിച്ച് 40 പട്ടയങ്ങള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ
വിതരണത്തിനായി തയ്യാറാക്കി.
എന്നാല്‍ പട്ടയം നല്‍കിയ ഭൂമി വനഭൂമിയാണന്ന് വനം വകുപ്പ് ഉറപ്പിച്ചതും കേന്ദ്ര
സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയ നടപടി സുപ്രിം കോടതി വിധിയുടെ
ലംഘനമാണന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കാന്‍
നടപടികള്‍ തുടങ്ങിയത്. ഇത് റിസര്‍വ് വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര
ആവശ്യത്തിന് ഉപയോഗിക്കാന്‍ നിയമ തടസ്സമുണ്ടെന്ന് കാട്ടി തുടര്‍നടപടിക്ക് പത്തനംതിട്ട
ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ഉത്തരവിട്ടു. തുടര്‍ന്ന് കോന്നി തഹസില്‍ദാര്‍ ടിജി ഗോപകുമാര്‍
പട്ടയങ്ങള്‍ റദ്ദ് ചെയ്യുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!