Trending Now

തൊഴിലുറപ്പില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് മികവുകാട്ടി: ചെന്നീര്‍ക്കര പഞ്ചായത്തിന് സംസ്ഥാന അവാര്‍ഡ്

മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പ്രവൃത്തികള്‍ നടപ്പാക്കിയതിന് ഇലന്തൂര്‍ ബ്ലോക്കിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അവാര്‍ഡ് നേടി. ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2017 രാജ്യാന്തര സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി. കൃഷ്ണകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സി. എസ്. കൃഷ്ണകുമാര്‍, തൊഴിലുറപ്പു പദ്ധതി ഓവര്‍സിയര്‍ എം. എന്‍. സുനിതകുമാരി എന്നിവര്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി പഞ്ചായത്തിനു ലഭിച്ചു.
തൊഴിലുറപ്പു പദ്ധതിയില്‍ വേറിട്ട കാഴ്ചപ്പാടില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11 പ്രവൃത്തികളാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഏറ്റെടുത്തത്. ഇതിലൂടെ 15,29,205 രൂപ ചെലവഴിച്ചു. ഇതില്‍ 60 ശതമാനം തുകയും തൊഴിലാളികള്‍ക്ക് കൂലി ഇനത്തിലാണ് നല്കിയത്. ഈ ഇനത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയതും തുക ചെലവഴിച്ചതും ചെന്നീര്‍ക്കര പഞ്ചായത്താണ്.
അച്ചന്‍കോവിലാറിന്റെ ആറ്റുതീരം കടവ്, പൂതേത്ത് കണ്ണങ്കര, കുമരംവയല്‍ ഏലാസൈഡുകള്‍ എന്നിവയുടെ അതിരുകള്‍ കയര്‍ ഭൂവസ്ത്രമുപയോഗിച്ച് ബലപ്പെടുത്തുകയും പുല്ലുകള്‍ പിടിപ്പിച്ച് അവയുടെ സ്ഥായിയായ സംരക്ഷണം ഉറപ്പുവരുത്താനുമായി.2011-12 സാമ്പത്തിക വര്‍ഷംമുതലാണ് പഞ്ചായത്ത് ഈ മേഖലയില്‍ പ്രവൃത്തികളേറ്റെടുക്കുന്നത്. ഗ്രാമീണജനങ്ങള്‍ക്ക് തൊഴിലും വരുമാനവും സ്ഥായിയായ ആസ്തിയും സൃഷ്ടിക്കുകയെന്ന തൊഴിലുറപ്പു പദ്ധതിയുടെ കാഴ്ചപ്പാട് അക്ഷരാര്‍ത്ഥത്തില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് നടപ്പിലാക്കിയതായി മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.
മണ്ണും ജലവും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പു വര്‍ഷത്തെ തൊഴിലുറപ്പു പദ്ധതിയിലും ഉള്‍പ്പെടുത്തിയതായി പ്രസിഡന്റ് കലാ അജിത് പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരളയില്‍ ഇതിനായി 43,98,400 രൂപയുടെ പദ്ധതികള്‍ക്കുള്ള കയര്‍ ഭൂവസ്ത്രം കയര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങാനുള്ള ധാരണാ പത്രത്തില്‍ കഴിഞ്ഞദിവസം ഒപ്പു വച്ചതായും പ്രസിഡന്റ് പറഞ്ഞു.
പരിസ്ഥിതിയുടെ സ്വാഭാവികത നിലനിര്‍ത്തി തൊഴിലുറപ്പില്‍ കയര്‍ ഭൂവസ്ത്ര പദ്ധതികളേറ്റെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പഞ്ചായത്തിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ എന്നിവര്‍ അഭിനന്ദിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!