Trending Now

വ്യാജ ജനസേവന കേന്ദ്രങ്ങള്‍:സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നു

അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ അല്ലാതെ ജനസേവന കേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു. ഇങ്ങനെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീരാം സാംബശിവ റാവു തദ്ദേശസ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയോ കേരള സ്റ്റേറ്റ് ഐ ടി മിഷന്റേയോ ഒരു വിധ നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നല്‍കുന്ന സേവനങ്ങള്‍ ഗുണപരമല്ലെന്നും മനസ്സിലായിട്ടുണ്ട്. പല തരത്തിലുള്ള തെറ്റുകളും അപേക്ഷകളില്‍ ഉണ്ടാവുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വലിയ തുക സേവനങ്ങള്‍ക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയും സര്‍ക്കാര്‍ ഉത്തരവിന്റെ അന്ത:സത്തയും പാലിക്കേണ്ടതാണ്. ഇത് ലംഘിക്കപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പൗരന്‍മാരുടെ രേഖകളുടെ സുരക്ഷിതത്വം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത എന്നിവയെ സാരമായി ബാധിക്കുന്നതിനാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ജനസേവന കേന്ദ്രങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് സ.ഉ.(ആര്‍.ടി)210/2014/ഐടി. തീയതി 26-09-2014 പാലിക്കണമെന്ന് ഐ.ടി മിഷന്‍ ഡയരക്ടര്‍ നിര്‍ദ്ദേശിച്ചു പൊതുജനങ്ങളും ഇത്തരം അക്ഷയ കേന്ദ്രങ്ങളല്ലാത്ത ജനസേവന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളല്ലാത്ത പല ഓണ്‍ലൈന്‍ കേന്ദ്രങ്ങളും പൗരന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി പോലീസ് ഇന്റലിജന്‍സ് വിഭാഗം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവില്‍ കേരളത്തിലെ സര്‍ക്കാര്‍ – സര്‍ക്കാരിതര സര്‍വ്വീസ് നല്‍കുന്നത്് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കേരളസ്റ്റേറ്റ് ഐടിമിഷന്റെ കീഴിലുള്ള അക്ഷയ പ്രൊജക്ടിലൂടെയാണ്. ഇപ്പോള്‍ കേരളത്തില്‍ 2654 അക്ഷയസംരംഭകര്‍ ഇ-ഗവേണന്‍സ് മേഖലയിലുണ്ട്. ഈ അക്ഷയ കേന്ദ്രങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇ-സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.

അക്ഷയകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ നിരീക്ഷണത്തിലായതിനാല്‍ ജനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ കഴിയും. ജില്ലകളില്‍ അക്ഷയ സെന്ററുകളുടെ മേല്‍നോട്ടം ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിക്കാണ്. കൂടാതെ കേരള സ്റ്റേറ്റ് ഐ ടി മിഷന് കീഴിലുള്ള അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസൂം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു