വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് തൊടുപുഴയിലെ സഹോദരന്റെ വസതിയിൽ നടക്കും.
450ലേറെ ചിത്രങ്ങളിൽ അഭിനയിച്ച വാസന്തി 1979ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത നവോദയയുടെ “ചെന്നായ് വളർത്തിയ ആട്ടിൻകുട്ടി’യിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. നവോദയയുടെ തിരക്കഥാകൃത്തായിരുന്ന ശാരംഗപാണിയുടെ ബാലെ ട്രൂപ്പായ മലയാള കലാഭവനിൽ ഡാൻസ് അവതരിപ്പിക്കുന്നതിന് ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു സിനിമയിൽ അവസരം ലഭിച്ചത്. ഹിറ്റ് ചിത്രങ്ങളായിരുന്ന കടത്തനാട്ട് മാക്കം, കണ്ണപ്പനുണ്ണി, ആലോലം, യവനിക, അടിയൊഴുക്കുകൾ, ടി.പി. ബാലഗോപാലൻ എം.എ, ഒരു വടക്കൻ വീരഗാഥ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വാസന്തി ശ്രദ്ധേയമായ വേഷമിട്ടു.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആണ്‍കുട്ടി, ദിലീപ് ചിത്രമായ ഞാൻ താനെടാ പോലീസ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2007ൽ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. 20ഓളം സീരിയലുകളിലും വാസന്തി സാന്നിധ്യമറിയിച്ചു.