Trending Now

ക്രിസ്തുമസ്സ് – സ്‌നേഹത്തിന്‍റെ പൂക്കാലം

(സരോജ വര്‍ഗീസ്, ന്യുയോര്‍ക്ക്)

മഞ്ഞണിഞ്ഞു നില്‍ക്കുന്ന പ്രകൃതി നൈമ്മര്‍ല്യത്തിന്റെയും പരിശുദ്ധിയുടെയും ഓര്‍മ്മകള്‍ പകരുന്നു. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി ഒരു ശിശുവിന്റെ ജന്മത്താല്‍ ധന്യയായി. മലയാളത്തിന്റെ പ്രിയകവി ആ സംഭവത്തെ ഇങ്ങനെ മനോഹരമായി വര്‍ണ്ണിച്ചു.

“ദൈവത്തിന്‍ പുത്രന്‍ ജനിച്ചു
ഒരു പാവന നക്ഷത്രം വാനില്‍ ഉദിച്ചു’

ആ നക്ഷത്രത്തിന്റെ പ്രകാശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തു വിശ്വാസികളുടെ ഉദയത്തിനു ഹേതുവായി. അവര്‍ സമൂഹമായി ദൈവപുത്രനില്‍ വിശ്വാസമര്‍പ്പിച്ചു. ആ സമൂഹം ക്രിസ്തുസഭയായി അറിയപ്പെട്ടു. ലോകത്തില്‍ മറ്റൊരു സമൂഹവും ചെയ്യാന്‍ ഒരുമ്പെടാത്ത ധാരാളം സദ്പ്രവര്‍ത്തികള്‍ ക്രിസ്തുനാമത്തില്‍ ചെയ്യാന്‍ ഈ സമൂഹത്തിനു കഴിയുന്നു. അനാഥരെ സംരക്ഷിക്കുക, ,രോഗികളെ ശുശ്രുഷിക്കുക, നിരക്ഷരരെ വിദ്യാഭ്യാസ്യയോഗ്യതയുള്ളവരാക്കുക തുടങ്ങി കാരുണ്യപ്രവര്‍ത്തികളില്‍ കൂടി ലോകത്തില്‍ സ്‌നേഹത്തിന്റെ സൗരഭ്യം പരത്തുന്നതിനു ക്രിസ്തുവിലുള്ള വിശ്വാസം ഈ സമൂഹത്തെ പ്രാപ്തരാക്കുന്നു. ഒരു മതം സൃഷ്ടിക്കാനല്ല ക്രിസ്തുദേവന്‍ ഭൂജാതനായത്, മറിച്ച് മനുഷ്യരാശിയുടെ ഉദ്ധാരണം, അവരെ നന്മയുടെ വഴിയിലേക്ക് ആനയിക്കുക എന്നിവയായിരുന്നു അവന്റെ ജന്മോദ്ദേശ്യം. അവന്റെ വചനങ്ങള്‍ ശ്രവിച്ചവരും അവന്റെ വഴിയിലൂടെ നടന്നവരും ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് അസാദ്ധ്യമെന്നു തോന്നിയ പലതും സാദ്ധ്യമാക്കി.

മിസ്സിസ്സിപ്പി നദിയുടെ തീരങ്ങളിലൂടെ കയ്യില്‍ ബൈബിചഴഃ ഏന്തി ഒരു പതിനേഴുകാരന്‍ നടക്കുമ്പോള്‍ അവന്‍ ഒരു ദൃശ്യം കണ്ടു. കറുത്ത വര്‍ഗ്ഗക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഇരുമ്പ് വടികൊണ്ടടിച്ച് ചോരയൊലിപ്പിച്ച് കുറെ പേര്‍ മൃഗങ്ങളെ പോലെ ആട്ടി കൊണ്ട് വരുന്നു. വെളുത്ത വര്‍ഗക്കാരനായ ആണ്‍കുട്ടിയുടെ മനസ്സില്‍ അത് കണ്ട് സന്തോഷമല്ല ഉണ്ടായത്. യേശുദേവന്റെ വചനങ്ങളില്‍ ആശ്വാസം കണ്ടെത്തുന്ന ആ ബാലന്‍ ആകാശത്തേക്കു നോക്കി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. “ദൈവമേ ഈ അനീതി നിറുത്തലാക്കാന്‍ നീ എനിക്ക് അധികാരം തന്നാല്‍ ഞാന്‍ അത് നിറുത്തിയിരിക്കും” വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയുടെ പ്രസിഡന്റായി തീര്‍ന്ന എബ്രാഹാം ലിങ്കണായിരുന്നു ആ ബാലന്‍. ദൈവം അവനു കൊടുത്ത അധികാരം വിനിയോഗിച്ച് കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കുന്ന സമ്പ്രദായം നിറുത്തല്‍ ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസമാണ് ദു:ഖിതരും പീഡിതരിലും കരുണ തോന്നാന്‍ ആ ബാലന് പ്രേരകമായത്ത്തീര്‍ന്നത്. ജാതിയുടെയും മത ത്തിന്റെയും പേരില്‍ അക്രമങ്ങള്‍ പെരുകി വരുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത ആ പാവന സ്‌നേഹം മറ്റുള്ളവരിലേക്ക് പ്രവഹിപ്പിക്കാന്‍ മനുഷ്യന് കഴിയണം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാതനായ ക്രിസ്തുവിന്റെ ജനനം ഉത്ഘോഷിച്ചുകൊണ്ട് താളമേളങ്ങളോടെ വീടുകള്‍ തോറും കയറിയിറങ്ങുന്ന വിശ്വാസികള്‍ ഈ ക്രിസ്തുമസ് കാലത്ത് മാത്രമല്ല ക്രിസ്തുവിനെ ഓര്‍ക്കേണ്ടതും അവനെ കൊണ്ടാടേണ്ടതും.

വിലയേറിയ ആ സ്‌നേഹം അശരണരിലേക്കും അനാഥരിലേക്കും പകരേണ്ട അവസരങ്ങള്‍ നിത്യേനയുണ്ട്. ആണ്ടിലൊരിക്കല്‍ ക്രിസ്തുവിന്റെ ജനനം വിളംബരം ചെയ്യുന്നതിനേക്കാള്‍ ദൈവത്തിനു പ്രിയങ്കരമാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോഴാണ്, മറ്റുള്ളവരുടെ കഷ്ടതകളില്‍ അവര്‍ക്ക് ആശ്രയമാകുമ്പോഴാണ് “ഞാന്‍ നിങ്ങളെ സ്‌നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം” എന്ന ക്രിസ്തു സന്ദേശം മനുഷ്യ മനസ്സിലും ജനിക്കുകയുള്ളു. ഈ ക്രിസ്തുമസ് കാലം നന്മയുടെ വഴികള്‍ കാണാനും അതിലൂടെ സഞ്ചരിക്കാനും ഉതകുന്നതാകട്ടെ!

“If Christ a thousand times
In Bethlehem were born
But was not born in thee
For thee He lived in vain”

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!