Trending Now

കോന്നി നിയോജകമണ്ഡലത്തിൽ ക്യാബിൻ വീടുകൾക്ക് ആവശ്യക്കാരേറെ. ക്യാബിൻ ഹോം പദ്ധതിയുമായി ഐ ടി കമ്പനി യുവസംരംഭകൻ

കോന്നി നിയോജകമണ്ഡലത്തിൽ ക്യാബിൻ വീടുകൾക്ക് ആവശ്യക്കാരേറെ. ക്യാബിൻ ഹോം പദ്ധതിയുമായി ഐ ടി കമ്പനി യുവസംരംഭകൻ
**************************************
കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ പഞ്ചായത്തിൽ ഐ ടി സ്റ്റാർട്ടപ് കമ്പനി ഭവനരഹിതരായ മൂന്നു കുടുംബങ്ങൾക്ക് കാബിൻ വീടുകൾ നിർമ്മിച്ചു നൽകിയത് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭവനരഹിതരായ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ, സാമ്പത്തിക ശേഷി തീരെയില്ലാത്തവർ, വിധവകൾ, കുട്ടികളുള്ളവർ, ട്രാൻസ് ജൻഡർ, വസ്തുവിന് രേഖകളില്ലാത്തവർ, ടാർപോളിൻ ഷീറ്റുകൾക്കടിയിൽ ജീവിതം കഴിച്ചുകൂട്ടുന്നവർ തുടങ്ങിയവരാണ് ക്യാബിൻ വീടുകളുടെ പ്രധാന ഗുണഭോക്താക്കൾ. ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പാടം സ്വദേശിയായ യുവസംരംഭകൻ ശ്രീ.വരുൺ ചന്ദ്രൻ തന്റെ ഐ.റ്റി കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നും പണം വിനിയോഗിച്ച് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ 3 വീടുകൾ പണികഴിപ്പിച്ച്‌ കൈമാറി. ഒരു ചെറിയ കുടുംബത്തിനുവേണ്ട അത്യാവശ്യം സൗകര്യങ്ങളുള്ള വളരെ ഒതുങ്ങിയ വീടുകളാണ് ഇവ മൂന്നും.
വീടില്ലാത്തവർക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, ആശ്രയമില്ലാത്തവർക്കും അനുഗ്രഹമായി ക്യാബിൻ വീടുകൾ കേരളത്തിൽ പ്രശസ്തിയാർജ്ജിച്ചു വരികയാണ്. 1 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് ഒരു ക്യാബിൻ വീടിന്റെ നിർമ്മാണ ചിലവ്. അതായത് വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുവാൻ വളരെയെളുപ്പത്തിൽ തന്നെ പണം കണ്ടെത്തുവാനും, മറ്റുള്ളവർക്ക് ഭവന നിർമ്മാണത്തിലേക്കുള്ള സഹായം ചെയ്യുവാനും കഴിയും. ചിലവ് കുറഞ്ഞ സാമഗ്രികളാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. കട്ടയും, വി ബോർഡും ഉപയോഗിച്ച് ഭിത്തി കെട്ടിയ ശേഷം പഴയ ഓടുകളോ ഷീറ്റോ ഉപയോഗിച്ച് മേൽക്കൂര മേയുന്ന വീടുകൾ നിർമ്മാണം പൂർത്തിയാക്കുവാൻ 15 ദിവസം മതിയാകും. കുടുബാംഗങ്ങളുടെ എണ്ണമനുസരിച്ച്  ഒന്നോ രണ്ടോ ബെഡ് റൂം, ബാത്‌റൂം, സിറ്റ് ഔട്ട്, അടുക്കള എന്നിവയാണ് ക്യാബിൻ വീടിനുള്ളിലെ സൗകര്യങ്ങൾ.
മാധ്യമ വാർത്തകളെ തുടർന്ന് കോന്നി നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ നിന്നായി 53  അപേക്ഷകൾ ലഭിച്ചു. അപേക്ഷകരെയെല്ലാം പഞ്ചായത്തു തലത്തിൽ തരംതിരിച്ച്‌ അവർക്കായുള്ള ബോധവൽക്കരണ കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. കാബിൻ ഭവന നിർമ്മാണ പദ്ധതിയിലെ വീടുകളെ കുറിച്ച് ധാരണ നൽകി, അപേക്ഷകർക്ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ച് നൽകുകയും ചിത്രീകരണങ്ങളും ഫോട്ടോകളും പ്ലാനുകളും കാണിച്ച് അവരുടെ താത്പര്യം ആരായുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. അപേക്ഷകരുടെ ജീവിത പശ്ചാത്തലവും, സാമ്പത്തിക പശ്ചാത്തലവും മറ്റും നേരിട്ടു സന്ദർശിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തി, പ്രാദേശിക അധികാരികളുടെ പങ്കാളിത്തത്തോടെ സ്ഥല രേഖകൾ സൂക്ഷ്‌മപരിശോധന നടത്തി അർഹതാ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കും.
ആദ്യ ഘട്ടത്തിൽ കോന്നി മണ്ഡലത്തിലെ പതിനൊന്നു പഞ്ചായത്തിലുമായി ഓരോ വീടുകൾ നിർമ്മിച്ചു നൽകാനാണ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ പ്രമാടം, അരുവാപ്പുലം പഞ്ചായത്തുകളിൽ നിന്നുമുള്ള അപേക്ഷരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സാങ്കേതികമായ കാരണങ്ങളാൽ സർക്കാർ പദ്ധതികളിൽ വീട് ലഭിക്കാത്ത ഭാവനരഹിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു പാർപ്പിടം എന്ന സ്വപ്‌നസാക്ഷാൽകാരമാണ് ക്യാബിൻ ഹോം പദ്ധതിയിലൂടെ സാധ്യമാകുന്നത്. പ്രദേശത്തെ സന്നദ്ധ സംഘടനകൾക്കെല്ലാം ഏറ്റെടുത്ത് നടപ്പാക്കാൻ പ്രചോദനമാവുന്ന മാതൃകാപരമായ സേവന പ്രവർത്തനമാണിത്.
വിശദാംശങ്ങൾക്കായി ബന്ധപ്പെടുക: 9496061329, 9947409481, 0475 – 2350360

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!