Trending Now

നൂറ്റിഅൻപത് വീടുകളിലെ 500 പേരുടെ ജീവിതം സുനില്‍ ടീച്ചറിനോട് പറയുന്നു … നന്ദി

 

നാരീശക്തി പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ ഡോ. എം.എസ് സുനിൽ ഭവനരഹിതരും ആലംബഹീനരുമായവർക്കായി നിർമ്മിച്ചുനൽകുന്ന വീടുകളുടെ എണ്ണം 150 തികഞ്ഞു. 150 കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകളുടെ ജീവിതസ്വപ്നമാണ് ടീച്ചർ മുഖേന പൂവണിഞ്ഞത്.

പത്തനംതിട്ടജില്ലയിലെ ഇളമണ്ണൂർ പഞ്ചായത്തിൽ പൂതങ്കര മേഘാ ഭവനത്തിൽ 70 വയസുള്ള സരസ്വതി അമ്മക്കും വിധവയായ ശോഭനകുമാരിക്കും വിദ്യാർത്ഥിയായ മേഘ രഘുവും അടങ്ങിയ കുടുംബത്തിനാണ് 150ാം മത്തെ വീടു നിർമ്മിച്ച് നൽകിയത്. വീടിന്റെ ഉദ്ഘാടവും താക്കോൽ ദാനവും പ്രിൻസ് സുനിൽ തോമസ് , പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ മുൻ അധ്യാപികയും ടീച്ചറിന്റെ അമ്മയുമായ എം. ജെ ശോശാമ്മ എന്നിവര്‍ ചേർന്ന് നിർവ്വഹിച്ചു. സുനിൽ ടീച്ചറിന്റെ മകൻകൂടിയായ പ്രിൻസ് സുനിൽ തോമസ് തന്റെ പഠനത്തിനത്തോടൊപ്പം തൊഴിൽകൂടിചെയ്ത് കണ്ടെത്തിയ മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടര സെന്റ് സ്ഥലത്ത് രണ്ട് ബെഡ്റൂമും,അടുക്കളയും, സിറ്റൗട്ടും, ശുചിമുറിയും ഉള്ള വീട് നിർമ്മിച്ച് നൽകിയത്.
ശോഭന കുമാരിയുടെ ഭർത്താവ് രഘു നാല് വർഷം മുൻപ് മരിച്ചതിന് ശേഷം വൃദ്ധമാതാവും വിദ്യാർത്ഥിയായ മകളും അടങ്ങിയ കുടുംബത്തിന്റെ സംരക്ഷണം സ്ഥിരവരുമാനമില്ലാത്ത ശോഭന കുമാരിയുടെ ചുമലിലായി. ദൈനംദിന ചെലവുകൾക്ക് വഴിയില്ലാതെ കഴിഞ്ഞ ഈ മൂന്ന് സ്ത്രീകളടങ്ങിയ കുടുംബത്തിന് വീടെന്നത് വിദൂരസ്വപ്നം മാത്രമായി അവശേഷിച്ചിരുന്നു. ഇവരുടെ ദുരവസ്ഥ നേരിട്ട്കണ്ട് മനസിലാക്കിയ ടീച്ചർ വീട് വച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു.

കൊടുമൺ സ്വദേശിനിയായ ആശയെന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ തന്റെ തന്നെ (2005 സുവോളജി ബാച്ച്) വിദ്യാർത്ഥിനിക്ക് വീട് നിർമ്മിച്ച് തുടങ്ങിയ ജൈത്രയാത്ര ഇന്ന് 150ൽ എത്തിനിൽക്കുകയാണ്. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയാണ് തന്നെ അശരണരായ ആളുകൾക്ക് സുരക്ഷിതമായ വീടുകളൊരുക്കാൻ പ്രേരിപ്പിച്ചതെന്ന് ടീച്ചർ പറയുന്നു.

സ്വന്തമായൊരു വീട് വേണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതെ ജീവിച്ച 150 കുടുംബങ്ങൾ ഇന്ന് ടീച്ചറുടെ സ്നേഹക്കരുതലിൽ സുരക്ഷിതരായി ജീവിതം കരുപിടിപ്പിക്കുന്നു. പ്രളയത്തിൽ തകർ വീടുകളുടെ പുനർനിർമ്മാണത്തിൽ കേരളത്തിൽതന്നെ ആദ്യമായി പാണ്ടനാട്ട് ടീച്ചർ നിർമ്മിച്ച് നൽകിയ വീട് ഉൾപ്പടെ ആലപ്പുഴ ജില്ലയിൽ എട്ടും, കൊല്ലത്ത് രണ്ടും, കോട്ടയത്ത് ഒന്നും, പത്തനംതിട്ടയിൽ 138 വീടുകളുമാണ് ഇതുവരെ നിർമ്മിച്ച് നൽകിയത്. അർഹരായവരെ കൃത്യതയോടെ കണ്ടെത്തി ഓരോ വീടുകളും ഒരു വ്യക്തിയുടെമാത്രം സഹായം സ്വീകരിച്ച് സ്വന്തം മേൽനോട്ടത്തിൽ നിർമ്മിച്ച് അർഹരായവർക്ക് നൽകുന്നതാണ് ടീച്ചറുടെ രീതി. ഇത്തരത്തിൽ നിരാലംബരായ കുടുംബങ്ങൾക്ക് വീട് മാത്രമല്ല എല്ലാ മാസവും വീട്ടുസാധനങ്ങൾ അടങ്ങിയ കിറ്റും നൽകിവരുന്നുണ്ട് .മാത്രമല്ല അത്തരം കുടുംബങ്ങൾക്ക് ജീവിതമാർഗ്ഗം കണ്ടെത്തിനൽകിയും കുട്ടികൾക്ക് പഠനസഹായം നൽകിവരികയും ചെയ്യുന്നു.

ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ഏഴംകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജഗോപാൽ നായർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി തുളസീധരൻ പിള്ള, ജില്ലാ ശിശുക്ഷേമ സമിതി അംഗം കെ.മോഹൻ കുമാർ, വാർഡ് മെമ്പറന്മാരായ രാജമണി, സജിത, സാമൂഹ്യ പ്രവർത്തകൻ കെ.പി ജയലാൽ, ഹരിത കൃഷ്ണൻ, രാഹുൽ നാഥ് എസ്.ആർ, ജിബി ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!