ബുറേവി ചുഴലിക്കാറ്റ്: പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ല

Spread the love

 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ലെന്നു ജില്ലയുടെ ചുമതലയുള്ള വനം – വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ബുറേവി ചുഴലിക്കാറ്റ്, അതിതീവ്ര മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയതായാണു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ വിവരം. നിലവില്‍ ജില്ലയിലെ നദികളിലും ഡാമുകളിലും വെള്ളം കുറവാണ്.

ഡാമുകള്‍ തുറന്നുവിടണ്ട സാഹചര്യവുമില്ല. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന അതിതീവ്ര മഴയുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. റവന്യു, പോലീസ്, ഫയര്‍ഫോഴ്‌സ്, അഗ്രികള്‍ച്ചര്‍, കെ.എസ്.ഇ.ബി തുടങ്ങിയവയ്ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയും പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുന്നതിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ അപകട സാധ്യതാ പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 16 എന്‍ഡിആര്‍എഫ് അംഗങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് ഇത്തരം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, എഡിഎം അലക്‌സ് പി. തോമസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍,പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!