Trending Now

മണ്ഡല പൂജക്കൊരുങ്ങി ശബരിമല; തങ്കയങ്കി ഘോഷയാത്ര ഡിസംബര്‍ 25 ന് വൈകുന്നേരം സന്നിധാനത്ത്

Spread the love

മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ 26 ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. 25 ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന് പമ്പയില്‍ വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ  തങ്കയങ്കി പേടകവുമായി സന്നിധാനത്തേക്ക് യാത്ര തിരിക്കും.
വൈകുന്നേരം 5.15 ന്  ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തങ്കയങ്കിയെ ആചാര പൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികള്‍ വൈകിട്ട് അഞ്ചിന് അയ്യപ്പ സന്നിധിയില്‍ നിന്ന് ഹാരങ്ങളും അണിഞ്ഞ് ശരംകുത്തിയില്‍ എത്തിച്ചേരും.  പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗം കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി തുടങ്ങിയവരും മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും.
പൂര്‍ണമായും കോവിഡ്- 19 പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. രാത്രി 8.30 ന് അത്താഴപൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒന്‍പതിന് നട അടയ്ക്കും. 26 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. 25 നും 26നും ഭക്തര്‍ക്ക് ദര്‍ശനത്തിന് ചില നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡപൂജാ ഉത്സവത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉല്‍സവ കാലം. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 ന് ആണ് മകരവിളക്ക്.

error: Content is protected !!