Trending Now

കാര്‍ഷിക ഉത്പ്പന്നങ്ങള്‍: വിലതകര്‍ച്ച നേരിടാന്‍ നടപടിയുമായി കൃഷി വകുപ്പ്

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിനെ തുടര്‍ന്നുള്ള വിപണി മാന്ദ്യവും, ഉത്പാദനത്തിലുണ്ടായ വര്‍ധനവും കാരണം നേന്ത്രന്‍ അടക്കം പല കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും വിലത്തകര്‍ച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കൃഷികാര്‍ക്ക് കൈത്താങ്ങായി കൃഷിവകുപ്പ്.

16 ഇനം പഴം – പച്ചക്കറികള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ കൃഷിവകുപ്പ് തറവില പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നേന്ത്രന്‍ വാഴക്കുലയ്ക്ക് പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 19 മുതല്‍ തറവില പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നിലവില്‍ വിപണിയില്‍ 30 രൂപയ്ക്ക് താഴെയുള്ള മുഴുവന്‍ വാഴക്കുലകളും കൃഷിവകുപ്പിന്റെ വിവിധ വിപണികള്‍ മുഖേന സംഭരിക്കും.

തറവിലയായ 30 രൂപയില്‍ നിന്നുമുള്ള അന്തരം കൃഷിക്കാര്‍ക്ക് നേരിട്ട് ബാങ്ക്അക്കൗണ്ടിലേക്ക് പണമായി സര്‍ക്കാര്‍ നല്‍കും. ഇതിനായി സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ കര്‍ഷകര്‍ സ്വന്തം വിളകള്‍ രജിസ്റ്റര്‍ ചെയ്യണം.

പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ 17 വി.എഫ്.പി.സി.കെ. സ്വാശ്രയ വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ പഴകുളം വിപണി, കോട്ടാങ്ങല്‍ ക്ലസ്റ്റര്‍ വിപണി, കൊടുമണ്‍ ഇക്കോഷോപ്പ് എന്നിവയുമാണ് നിലവിലുള്ള സംഭരണകേന്ദ്രങ്ങള്‍, കൂടാതെ വിവിധയിനം കിഴങ്ങുവര്‍ഗങ്ങളും വിളവെടുക്കുന്നത് അനുസരിച്ച് ഹോര്‍ട്ടികോര്‍പ്പ് അടക്കമുള്ള വിപണികള്‍ കേന്ദ്രീകരിച്ച് സംഭരിക്കാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കര്‍ഷകര്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു അറിയിച്ചു. കൂടുതല്‍ വിവരത്തിന് 9446340941 എന്ന നമ്പരിലോ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസുമായോ ബന്ധപ്പെടണം.

error: Content is protected !!