Trending Now

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കായി പദ്ധതി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അതിജീവനം സമാശ്വാസ പദ്ധതി നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്.

പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളില്‍ കാലാവധി പൂര്‍ത്തിയായതും എന്നാല്‍ തിരിച്ചടവ് പൂര്‍ത്തിയാവാത്തതുമായ ഗുണഭോക്താക്കളാണ് ആദ്യവിഭാഗം. നിലവില്‍ കാലാവധി കഴിഞ്ഞിട്ടില്ലാത്ത, മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്ക് മേല്‍ കുടിശികയുള്ളതുമായ വായ്പകള്‍ക്കും പ്രയോജനം ലഭിക്കും.

പദ്ധതി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് കോര്‍ഷറേഷനില്‍ നിന്നും കത്തുകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും അയച്ചു നല്‍കും. താല്‍പര്യം ഉള്ള ഗുണഭോക്താക്കള്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 31 നകം ബന്ധപ്പെട്ട മേഖല/ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. പദ്ധതിയുടെ പൂര്‍ണമായ വിവരങ്ങള്‍ കോര്‍പറേഷന്റെ വെബ്സൈറ്റില്‍ (www.kswdc.org) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ കോര്‍പറേഷന്റെ ഓഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ (9496015015, 9496015006, 9496015008, 9496015010) ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!