Trending Now

കലഞ്ഞൂരില്‍ ജില്ലാ നഴ്‌സറിയ്ക്ക് അനുമതിയായി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിന്‍റെ കലഞ്ഞൂര്‍ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് ജില്ലാ നഴ്‌സറിക്ക് അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ജില്ലയില്‍ വനവത്കരണത്തിനാവശ്യമായ മുഴുവന്‍ തൈകളും ഇനി കലഞ്ഞൂരില്‍ നിന്നാകും ഉത്പാദിപ്പിക്കുക. വനം വകുപ്പിലെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ചുമതലയിലായിരിക്കും നഴ്‌സറി പ്രവര്‍ത്തിക്കുക.

12 ഹെക്ടര്‍ സ്ഥലമാണ് ഡിപ്പോ ജംഗ്ഷനില്‍ വനംവകുപ്പിന് ഉള്ളത്. ഇതില്‍ 2.17 ഹെക്ടര്‍ സ്ഥലത്താണ് ജില്ലാ നഴ്‌സറി സ്ഥാപിക്കുക. ക്യാംപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 85 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും എം.എല്‍.എ പറഞ്ഞു.

പരിസ്ഥിതി ദിനത്തില്‍ തന്നെ അഞ്ചു ലക്ഷം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം വനം വകുപ്പ് വക സ്ഥലങ്ങളില്‍ പ്ലാന്റിംഗിനാവശ്യമായ തൈകളും ഉത്പാദിപ്പിക്കണം. റോഡ്, ജലം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും കൂടി പരിഗണിച്ചാണ് ജില്ലാ നഴ്‌സറി കലഞ്ഞൂരില്‍ അനുവദിച്ചത്.

കോന്നി തേക്കിന് സംസ്ഥാനം മുഴുവന്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. വര്‍ഷം മുഴുവന്‍ തേക്ക് തൈകളും, സ്റ്റമ്പും ഇവിടെ നിന്നും ജനങ്ങള്‍ക്ക് ലഭിക്കും.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഓര്‍ക്കിഡ് ഉള്‍പ്പടെയുള്ള 200 ഇനം സസ്യങ്ങള്‍ സംരക്ഷിക്കുന്ന പ്ലാന്റ് ലൈബ്രറിയും ഇവിടെ സ്ഥാപിക്കും. പോളി ഹൗസിനുളളിലാകും ഇത് സ്ഥാപിക്കുന്നത്. നേച്ചര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ജില്ലാ നഴ്‌സറിയ്ക്ക് ഉപയോഗിക്കുന്ന സ്ഥലം കഴിഞ്ഞ് ബാക്കി സ്ഥലത്ത് ഔഷധ സസ്യ ഉദ്യാനം നിര്‍മിച്ച് സഞ്ചാരികളെ അടക്കം ആകര്‍ഷിക്കാന്‍ കഴിയുന്ന പദ്ധതിയും തയാറായി വരുന്നതായും എം.എല്‍.എ പറഞ്ഞു. നിരവധി ആളുകള്‍ക്ക് തൊഴില്‍ സാധ്യത ഉണ്ടാക്കാന്‍ കഴിയുന്ന നിലയില്‍ക്കൂടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.

error: Content is protected !!