Trending Now

കോവിഡ് വാക്‌സിനേഷൻ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വെള്ളിയാഴ്ച ഡ്രൈ റൺ

Spread the love

 

46 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ
സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിനുള്ള വെള്ളിയാഴ്ചത്തെ ഡ്രൈ റണിന്റെ (മോക് ഡ്രിൽ) ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റൺ നടക്കുന്നത്. ജില്ലയിലെ മെഡിക്കൽ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റൺ നടത്തുന്നത്. രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുക്കുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉൾപ്പെടെയുള്ള കോവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നത്. ജനുവരി രണ്ടിന് 4 ജില്ലകളിൽ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റൺ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എപ്പോൾ വാക്‌സിൻ എത്തിയാലും കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണ്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.
ലാർജ് ഐ.എൽ.ആർ. 20, വാസ്‌കിൻ കാരിയർ 1800, കോൾഡ് ബോക്‌സ് വലുത് 50, കോൾഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്‌പോസബിൾ സിറിഞ്ചുകൾ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തിൽ വിതരണം ചെയ്തുവരുന്നു.
ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ വർക്കർമാർ, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്.

error: Content is protected !!