Trending Now

ജില്ലയില്‍ പുനര്‍നിര്‍മാണ പാതയില്‍ നാലു പട്ടികജാതി കോളനികള്‍

Spread the love

 

കോന്നി വാര്‍ത്ത : മഹാപ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.

പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ കോളനികളുടെ പുനര്‍നിര്‍മ്മാണമാണു നടക്കുന്നത്.
ആറന്മുള ഗ്രാമപഞ്ചായത്തിലെ പേരങ്ങാട്ട്‌മെയ്ക്കുന്ന്, തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം സെറ്റില്‍മെന്റ് കോളനി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ, തിരുവല്ല നഗരസഭയിലെ അടുംമ്പട എന്നീ പട്ടികജാതി കോളനികളിലാണു പുനര്‍നിര്‍മ്മാണം നടക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണു നിര്‍വഹണ ഏജന്‍സി.

പേരങ്ങാട് മെയ്ക്കുന്ന് പട്ടിക ജാതി കോളനിയില്‍ 35 വീടുകളുടെ നിര്‍മ്മാണമാണു നടക്കുന്നത്. പേരങ്ങാട്ട്‌മെയ്ക്കുന്ന് കോളനിക്ക് 82,16,794 രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 27 കിണര്‍ മെയിന്റനന്‍സ്, 43 ശുചിമുറി മെയിന്റനന്‍സ്, കോളനി റോഡിന്റെ ഭിത്തി കെട്ടല്‍, സംരക്ഷണ ഭിത്തികെട്ടല്‍, റോഡ് പുനര്‍നിര്‍മ്മാണം കോണ്‍ക്രീറ്റിംഗ് എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. കോളനിയില്‍ 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പൂര്‍ത്തീയായി. ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ നടപാത നവീകരണം, വീട് നവീകരണം, ടോയ്‌ലറ്റ് നവീകരണം, കിണര്‍ നവീകരണം എന്നിവയ്ക്കായി 76,20,788 രൂപ അനുവദിച്ചിരുന്നു. പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ 73 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തീയായി. നടപ്പാത, സംരക്ഷണഭിത്തി എന്നിവയുടെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്്.
മുട്ടം സെറ്റില്‍മെന്റ് കോളനി വീടുപുനരുദ്ധാരണത്തിനും ശുചിമുറി നവീകരണത്തിനും, കിണര്‍ നവീകരണം, സംരക്ഷണഭിത്തി, റോഡ് പുനരുദ്ധാരണം എന്നിവയ്ക്കായി 89,86,523 രൂപയാണ് അനുവദിച്ചിരുന്നത്. മുട്ടം സെറ്റില്‍മെന്റ് കോളനിയിലെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
അടുംബട പട്ടിക ജാതി കോളനിയില്‍ 25 വീടുകളുടെ നിര്‍മ്മാണം, ടോയ്‌ലറ്റ് മെയിന്റനെന്‍സ്, കിണര്‍ നവീകരണം, റോഡ് റിപ്പയറിനും, കോണ്‍ക്രീറ്റിംഗിനും, സംരക്ഷണ ഭിത്തിക്കും, ഭൂമി നികത്തിലിനും 98,53,794 രൂപ അനുവദിച്ചിരുന്നു. അടുംബട പട്ടിക ജാതി കോളനിയിലെ റോഡ് കോണ്‍ക്രീറ്റിംഗ്, മെയിന്റനന്‍സ് എന്നിവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കോളനിയിലെ 50 ശതമാനം പണികള്‍ പൂര്‍ത്തിയായി. ഏതാനും മാസങ്ങളോടെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാകും.

error: Content is protected !!