Trending Now

പൾസ് പോളിയോ ഞായറാഴ്ച: സജ്ജമായി 24,690 ബൂത്തുകൾ

Spread the love

 

* വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാനതല ആരംഭം
കോന്നി വാര്‍ത്ത : സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ ഞായറാഴ്ച (ജനുവരി 31) രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കം കുറിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ എന്നിവരും പങ്കെടുക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പോളിയോ വിതരണത്തിന് തുടക്കം കുറിക്കുന്നത്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകണം. രോഗപ്രതിരോധ വാക്‌സിനേഷൻ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നൽകിയിട്ടുള്ള കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ പ്രതിരോധ തുള്ളിമരുന്ന് നൽകേണ്ടതാണ്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റൈൻ പീരീഡ് കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

24,49,222 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ സംസ്ഥാനത്താകെ 24,690 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് തുള്ളിമരുന്ന് നൽകുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും, കൂടാതെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!