
കോന്നി വാര്‍ത്ത ഡോട്ട് കോം : കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം അതി രൂക്ഷമായി . കാട്ടിലെ കുളങ്ങളിലെ വെള്ളം വറ്റിയതോടെ വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ എത്തി . കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്തുമണ്ണില്‍ നന്ദിയാട്ട് തോമസ് ജോസഫിന്‍റെ വാഴ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു . ചെങ്കദളി ഇനത്തില്‍ ഉള്ള വിളവെത്തിയ വാഴയും ഏത്ത വാഴയും നശിപ്പിച്ചു .ഏതാനും മാസം മുന്‍പും ഇതേ കൃഷിയിടത്തില്‍ കാട്ടാന എത്തി നൂറോളം വാഴകള്‍ നശിപ്പിച്ചു .
കടം വാങ്ങിയും മറ്റും കൃഷി ഇറക്കിയ കര്‍ഷകര്‍ കാട്ടാന , കാട്ടു പന്നി എന്നിവയുടെ ശല്യം കാരണം ബുദ്ധിമുട്ടിലാണ് .ഏതാനും മാസം മുന്നേ കുളത്തു മണ്ണില്‍ കാട്ടാന വാഴ കൃഷി നശിപ്പിച്ച സംഭവം വനം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പരാതിയായി അറിയിച്ചു എങ്കിലും പ്രാദേശിക വനം ഓഫീസില്‍ ബന്ധപ്പെടുവാന്‍ ആണ് ഒഴുക്കന്‍ മട്ടില്‍ അറിയിപ്പ് ലഭിച്ചത് . സോളാര്‍ വേലികള്‍ വനം വകുപ്പ് നിര്‍മ്മിച്ചു നല്‍കണം എന്നാണ് കര്‍ഷകരുടെ ആവശ്യം .
വന മേഖലയും കൃഷിയിടവും തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് സോളാര്‍ വേലികള്‍ നിര്‍മ്മിക്കാന്‍ വനം വകുപ്പില്‍ പദ്ധതി ഉണ്ടെങ്കിലും നടപടി ഇല്ലാത്ത അവസ്ഥയിലാണ് കുളത്തുമണ്ണിലെ കര്‍ഷകര്‍ . നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വെള്ളവും തീറ്റയും ഉള്ള സ്ഥലങ്ങളില്‍ വേനല്‍ കഴിയും വരെ താവളം ഉറപ്പിക്കുന്നു . കാട്ടില്‍ കുളങ്ങള്‍ നിര്‍മ്മിച്ചു വന്യ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പ് വരുത്തേണ്ട ചുമതല കൃത്യമായി വനം വകുപ്പ് പാലിക്കുന്നില്ല .ചിലയിടങ്ങളില്‍ നിര്‍മ്മിച്ച കുളങ്ങള്‍ വേനല്‍ തുടക്കത്തില്‍ തന്നെ വറ്റി .