
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍ വീട്ടില്‍ സൂക്ഷിക്കല്‍: സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
KONNI VARTHA.COM : കോവിഡ് 19 പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും വീട്ടില്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി.
മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങള്‍
konnivartha.com : ഓക്‌സിജന്‍ സിലിണ്ടറുകളും, കോണ്‍സെന്‍ട്രേറ്ററുകളും ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍. വീട്ടില്‍ ഓക്‌സിജന്‍ തെറാപ്പി ചെയ്യുന്നതിന് പ്രധാനമായും രണ്ടു തരത്തിലുള്ള ഉപകരണങ്ങളാണ് ഉള്ളത്.
1.ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ :- വായുവിലുള്ള നൈട്രജനെ അരിച്ചു മാറ്റുകയും ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുകയും ചെയ്യുന്നവ.
2.ഓക്‌സിജന്‍ സിലിണ്ടറുകള്‍:- ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഓക്‌സിജന്‍ ഉള്‍ക്കൊള്ളുന്നവ.
ഓക്‌സിജന്‍ സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെ?
konnivartha.com : ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഓക്‌സിജന്‍ സുരക്ഷിതവും സ്‌ഫോടനാത്മകം അല്ലാത്തതുമാണ്. എന്നിരുന്നാലും ഏതെങ്കിലും വസ്തു കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍ ഓക്‌സിജന്‍ സമ്പുഷ്ടമായ അന്തരീക്ഷത്തില്‍ കത്തുന്ന വസ്തു കൂടുതല്‍ വേഗത്തിലും, ചൂടോടെയും കത്താന്‍ കാരണമാകും. അതിനാല്‍ വീട്ടില്‍ ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുക.
konnivartha.com: ഓക്‌സിജന്‍ മുറിയില്‍ നിന്നും എല്ലാ വിധത്തിലുള്ള കത്താന്‍ സാധ്യതയുള്ള വസ്തുക്കളും നീക്കം ചെയ്യണം ഉദാ:- മെഴുകുതിരി, ഗ്യാസ് അടുപ്പുകള്‍. അല്ലെങ്കില്‍ തീപ്പൊരി ഉണ്ടാകാന്‍ സാധ്യത ഉള്ള എല്ലാ വസ്തുക്കളും. ഓക്‌സിജന്‍ സിലിണ്ടറുകളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിനടുത്തു പുകവലി പാടില്ല. കത്താന്‍ സഹായിക്കുന്ന എല്ലാ വസ്തുക്കളും ഓക്‌സിജന്റെ സമീപത്തു നിന്ന് മാറ്റേണ്ടതാണ്. ഉദാ: പെട്രോള്‍, ക്ലീനിങ് യിഡ്, ഏറോസോള്‍ ക്യാനുകള്‍ ഫ്രഷ്‌നെഴ്‌സ് അല്ലെങ്കില്‍ ഹെയര്‍ മുതലായ സ്‌പ്രേകള്‍ എന്നിവ. ആല്‍ക്കഹോള്‍ അടങ്ങിയ മിശ്രിതങ്ങള്‍ ഓയില്‍ രൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഗ്രീസ് പെട്രോളിയം ജെല്ലി മുതലായവ ഓക്‌സിജന്‍ വിതരണ ഉപകരണം / സിലിണ്ടര്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം. ഓക്‌സിജന്‍ സൂക്ഷിക്കുന്നതിന് സമീപത്തുള്ള എല്ലാ വൈദ്യുത ഉപകരണങ്ങളും കൃത്യമായി എര്‍ത്തിങ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഓക്‌സിജന്‍ ഉപയോഗിക്കുന്ന സമയത്തു ഇലക്ട്രിക്കല്‍ ഉപകരണങ്ങളായ ഹെയര്‍ ഡ്രയറുകള്‍ ഇലക്ട്രിക്കല്‍ റേസറുകള്‍ മുതലായവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
ഓക്‌സിജന്‍ ഉപകരണങ്ങള്‍ വൃത്തിയായും പൊടിപടലങ്ങള്‍ ഇല്ലാതെയും സൂക്ഷിക്കേണ്ടതാണ്. സിലിണ്ടറുകള്‍ സുരക്ഷിതമായ സ്ഥലത്തു സ്ഥാപിക്കുകയും സിലിണ്ടറുകള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും ചെയ്യുക. എല്ലായ്‌പ്പോഴും ഓക്‌സിജന്‍ സിലിണ്ടര്‍ വാല്‍വ് മുകളില്‍ വരുന്ന രീതിയില്‍ മാത്രം വയ്ക്കുക. സിലിണ്ടറിന്റെ അടിഭാഗം കേടുപാടുകള്‍ വരാതെ സ്ഥാപിക്കേണ്ടതാണ്. എല്ലായ്‌പ്പോഴും ഓക്‌സിജന്‍ സിലിണ്ടര്‍ നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുകയും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഓക്‌സിജന്‍ സിലിണ്ടറിനെ തുണി അല്ലെങ്കില്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടാന്‍ പാടുള്ളതല്ല. സിലിണ്ടറുകള്‍ കേടാകാതിരിക്കാന്‍ ഓക്‌സിജന്‍ ഉപകരണങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ശരിയായ ഫ്‌ളോ മീറ്റര്‍ ഉപയോഗിക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് ഫ്‌ളോ മീറ്റര്‍ ഘടിപ്പിക്കേണ്ടതാണ്.
ഒരു സിലിണ്ടര്‍ ശൂന്യമാകുമ്പോള്‍ വാല്‍വ് അടച്ച് കാലിയായ സിലിണ്ടര്‍ എന്ന് അടയാളപ്പെടുത്തുക. നിറച്ച് സിലിണ്ടറും ശൂന്യവുമായ സിലിണ്ടറും ഒരുമിച്ച് സൂക്ഷിക്കരുത്. ഉപയോഗത്തിലില്ലാത്തപ്പോള്‍ സിലിണ്ടര്‍ സുരക്ഷാ കാരണങ്ങളാല്‍ അടച്ചു സൂക്ഷിക്കുക. ഓക്‌സിജന്‍ ഫ്‌ളോ മീറ്ററില്‍ ഹ്യുമിഡിഫയര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഫ്‌ളോ മീറ്റര്‍ ശരിയായി ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ ആദ്യം സിലിണ്ടര്‍ വാല്‍വ് തുറക്കുക. തുടര്‍ന്ന് റെഗുലെറ്റര്‍ വാല്‍വും ഉപയോഗത്തിന് ശേഷം അടയ്ക്കുമ്പോള്‍ സമാനമായി റെഗുലെറ്റര്‍ വാല്‍വ് ആദ്യം അടയ്ക്കുക തുടര്‍ന്ന് സിലിണ്ടര്‍ വാല്‍വ് സിലിണ്ടര്‍ ഹൈഡ്രോ ടെസ്റ്റ് നടത്തിയെന്ന് ഉറപ്പാക്കുക, സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുക.
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍
എല്ലായ്‌പ്പോഴും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ശരിയായി എര്‍ത്ത് ചെയ്തിട്ടുള്ള സ്വിച്ച് ബോര്‍ഡില്‍ മാത്രം ഘടിപ്പിക്കുക. എക്സ്റ്റന്‍ഷന്‍ ബോര്‍ഡോ പവര്‍ ബോര്‍ഡോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഉപയോഗത്തിലായിരിക്കുമ്പോള്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ചൂടാകുന്നതിനാല്‍ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് അവ സ്ഥാപിക്കുകയും കര്‍ട്ടന്‍ അടുത്തുനിന്നും മാറ്റേണ്ടതുമാണ്.
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന് സമീപമുള്ള ജ്വലന സാധ്യത ഉള്ള വസ്തുക്കള്‍ മാറ്റുക. ഉപയോഗത്തിലില്ലാത്തപ്പോള്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണക്കാരന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പതിവായി പരിശോധിക്കുകയും കൃത്യ സമയത്തു സര്‍വീസ് ചെയ്യുകയും ചെയ്യേണ്ടതാണ്.
സംഭരണം പരിമിതപ്പെടുത്തുക
konnivartha.com വീടുകളില്‍ രണ്ടില്‍ കൂടുതല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അല്ലെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും മുന്‍കരുതലുകളും പാലിച്ചുകൊണ്ട് മാത്രം സംഭരണം നടത്തുക
ഗതാഗതം
konnivartha.com സിലിണ്ടറുകള്‍ വാഹനങ്ങളില്‍ കൊണ്ട് പോകുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്: ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ സൈക്കിളിലോ മറ്റ് ഇരുചക്ര വാഹനങ്ങളിലോ കൊണ്ട് പോകാന്‍ പാടുള്ളതല്ല. സിലിണ്ടറുകള്‍ കൊണ്ടുപോകുമ്പോള്‍ അവ വാഹനത്തിന്റെ വശങ്ങളിലേക്കോ പുറത്തേക്കോ തള്ളിനില്‍ക്കാന്‍ പാടുള്ളതല്ല. വാഹനത്തിനുള്ളില്‍ കൂര്‍ത്ത പ്രതലങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക. സിലിണ്ടറുകള്‍ യാത്രക്കിടയില്‍ വീഴാതെ സുരക്ഷിതമായി വക്കുക. സിലിണ്ടറുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. സിലിണ്ടറിനുമേല്‍ കൂടുതല്‍ മര്‍ദ്ദം കൊടുക്കാതെ സൂക്ഷിക്കുക. വാഹനത്തില്‍ കൊണ്ടുപോകുന്ന സിലിണ്ടറുകള്‍ തമ്മില്‍ കൂട്ടിമുട്ടുകയോ, താഴെ വീഴുകയോ ചെയ്യാതെ അടുക്കും ചിട്ടയോടെ സുരക്ഷിതമായി വയ്ക്കുക.
വേഗത്തില്‍ തീ പിടിക്കാന്‍ സാധ്യതയുള്ള വാതകങ്ങള്‍ അടങ്ങിയ സിലിണ്ടറുകള്‍ക്കൊപ്പം ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ കൊണ്ട് പോകാന്‍ പാടുള്ളതല്ല. ഓക്‌സിജന്‍ സിലണ്ടറുകള്‍ വാഹനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും ലിഫ്റ്റിംഗ് മാഗ്‌നെറ്റ്കള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. സിലിണ്ടറുകളില്‍ ഓക്‌സിജന്‍ കൊണ്ടുപോകുമ്പോള്‍ അവയുടെ വാല്‍വിന് യാതൊരു വിധത്തിലുമുള്ള കേടുപാടുകളും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മെറ്റല്‍ ക്യാപുകള്‍, മെറ്റല്‍ കവറുകള്‍ എന്നിവ വാല്‍വിന്റെ സുരക്ഷക്കായി ഉപയോഗിക്കാവുന്നതാണ്. ലീക്കുള്ള സിലിണ്ടറുകള്‍ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളതല്ല.