
കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് കിടത്തി ചികിത്സ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നത്. പരിശോധനയിൽ കോവിഡ് പോസറ്റീവായി കാണുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും.
രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നനല്‍കുന്നത് .
ജീവനക്കാർ ആശുപത്രിയിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.ജീവനക്കാർക്കായി 8 മുറികളാണ് മാറ്റി വച്ചിരിക്കുന്നത്.
കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കൽ കോളേജിൽ തയ്യാറാക്കുന്നതെന്ന് കോന്നി എം.എൽ.എ അഡ്വ ജനീഷ് കുമാര്‍ പറഞ്ഞു
കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ പരമാവധി ഉപയോഗപ്രദമാക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട ജില്ലയിലെ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) പരമാവധി ഉപയോഗപ്രദമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വാറന്റൈനില്‍ കഴിയുന്നതിനായി വീട്ടില്‍ സൗകര്യമില്ലാത്തവര്‍, കോളനികളില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ എന്നിങ്ങനെ ഉള്ളവരെ ജില്ലയിലെ ഡിസിസികളിലേക്കു മാറ്റണം. വാര്‍ഡ്തല ജാഗ്രതാ സമിതി ഇത് ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികളില്‍ രോഗം സ്ഥിരീകരിക്കുന്നവരെ നിലവിലുള്ള ഡിസിസി കളിലേക്കു മാറ്റണം. അതത് ബ്ലോക്ക് പഞ്ചായത്തുകള്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേകം ഡിസിസി സജ്ജമാക്കണം.
കോന്നി മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്ന സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുക്കണമെന്നു യോഗത്തില്‍ തീരുമാനമായി. കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും. പരിശോധനയ്ക്കായി പിഎച്ച്‌സികളില്‍ കിറ്റുകള്‍ ലഭ്യമാകുന്നെന്ന് ഉറപ്പുവരുത്തണം. പരിശോധനയ്ക്കായി ആര്‍ടിപിസിആര്‍ മൊബൈല്‍ വാഹനങ്ങള്‍ ലഭ്യമാകും. ഇതോടെ ദിവസേനയുള്ള ടെസ്റ്റിന് പുറമേ 1000 ടെസ്റ്റുകള്‍ കൂടി നടത്താന്‍ സാധിക്കും. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിനു മുന്നോടിയായി പരിശോധന വര്‍ധിപ്പിച്ച് പരമാവധി രോഗികളെ കണ്ടെത്താന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. രോഗം സ്ഥിരീകരിക്കുന്ന കോളനികളില്‍ പ്രത്യേക പരിശോധനാ ക്യാമ്പുകള്‍ നടത്തും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ വിതരണം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു.
ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, ഡിഡിപി തുടങ്ങിയവര്‍ പങ്കെടുത്തു.
കുറ്റൂര്‍ പഞ്ചായത്തിലെ സൗജന്യ ആംബുലന്‍ സര്‍വീസ് ആരംഭിച്ചു
കുറ്റൂര്‍ പഞ്ചായത്തിലെ ഡൊമിസിലറി കെയര്‍ സെന്ററിനുള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം മിഥുന്‍ രാജാണ് സൗജന്യ ആംബുലന്‍സ് നല്‍കിയത്. ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം അര്‍ബന്‍ സഹകരണബാങ്ക് ചെയര്‍മാന്‍ അഡ്വ.ആര്‍.സനല്‍കുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചുവിന് വാഹനത്തിന്റെ താക്കോല്‍ നല്‍കി നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി എബ്രഹാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.
ലോക്ക് ഡൗണിലും സജീവമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍
കുടുംബശ്രീ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തിലും പത്തനംതിട്ടയില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി സജീവമായി. കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജെന്‍ഡര്‍ വിഭാഗത്തിന്റെ വിവിധ സജ്ജീകരണങ്ങളും അംഗബലവുമുപയോഗിച്ച് കോവിഡ് പ്രതിരോധ അവബോധത്തോടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
കോവിഡ് രോഗികള്‍, അവരുടെ ബന്ധുക്കള്‍, സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ തുടങ്ങിയ 6461 പേര്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള മാനസിക പിന്തുണാ സഹായം നല്‍കി. കോവിഡ് സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതോടോപ്പം തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ഇതര സഹായങ്ങളും നല്‍കി വരുന്നു.
ഒറ്റപ്പെട്ട് കഴിയുന്ന ആളുകളുടെ മാനസിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന സ്‌നേഹിത കോളിംഗ് ബെല്‍ അംഗങ്ങള്‍ക്കും പ്രത്യേക ശ്രദ്ധയും നല്‍കി വരുന്നു.
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന പ്രതിരോധ കാമ്പയിനിന്റെ ഭാഗമായി 63 ബോധനല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ആരോഗ്യ, സാമൂഹിക സേവന രംഗത്തെ പ്രഗല്‍ഭരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. അയ്യായ്യിരത്തോളം പേര്‍ വിവിധ ക്ലാസുകളില്‍ പങ്കെടുത്തു. കൂടാതെ 132 പേരെ വാക്‌സിന്‍ പോര്‍ട്ടിലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനും ടീമിനു സാധിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി വാര്‍ഡ്തല ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തി കാര്യക്ഷമമാക്കി.
ലോക്ക്ഡൗണ്‍ തുടരവെ ഗ്രാമപഞ്ചായത്ത് അണുനശീകരണ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി പൊതുസ്ഥലങ്ങള്‍, വെയിറ്റിംഗ് ഷെഡുകള്‍, ആരാധനാലയങ്ങള്‍, അങ്കണവാടികള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങള്‍ അണുവിമുക്തമാക്കി.
ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ കോവിഡ് രോഗികള്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണം വോളന്റിയര്‍മാര്‍ വഴി എത്തിച്ചു നല്‍കുന്നു.
നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില പരിശോധിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് വിഭാഗം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ എന്നിവയിലൂടെ നിരന്തരം ഫോണ്‍ മുഖേന ബന്ധപ്പെടുകയും ആരോഗ്യ സ്ഥിതി അന്വേഷിക്കുകയും ചെയ്യുന്നു. നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില മോശമായാല്‍ അവരുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായി വാര്‍ഡിലെ ആശാ പ്രവര്‍ത്തകര്‍ക്ക് പള്‍സ് ഓക്‌സി മീറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്. ആശാ പ്രവര്‍ത്തകര്‍ നിലവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ് ഡസ്‌കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിലൂടെ കോവിഡ് രോഗികള്‍ക്ക് ആംബുലന്‍സിന്റെ സേവനവും സ്വകാര്യവാഹനങ്ങളുടെ സേവനവും നല്‍കി വരുന്നു.
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പരിധിയില്‍ വീടുകളില്‍ ക്വാറന്‍ന്റൈനില്‍ സൗകര്യമില്ലാത്തവര്‍ക്കായി തിരുവല്ല മാര്‍ത്തോമ കോളേജിലെ പുതിയ വനിത ഹോസ്റ്റല്‍ കെട്ടിട്ടിടം ഡൊമിസിലറി കെയര്‍ സെന്ററായി ആരംഭിക്കുകയും 60 കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
പള്ളിക്കല്‍ പഞ്ചായത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക്
താങ്ങായി സന്നദ്ധ സംഘടനകള്‍
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും താങ്ങായി സന്നദ്ധ സംഘടനകളുടെ സഹായം. അമേരിക്കന്‍ മലയാളി അസോസിയേഷനു വേണ്ടി മലമേക്കര സ്വദേശി സുദര്‍ശന കുറുപ്പ് സംഭാവന ചെയ്ത 33 ഓക്‌സി മീറ്ററും പന്തളം എന്‍.എസ്.എസ് കോളേജ് 1981-82 ബാച്ച് പൂര്‍വ വിദ്യാര്‍ഥികള്‍ അരി,പലവ്യഞ്ജന സാധനങ്ങള്‍ എന്നിവയും അടൂര്‍ വാട്ടര്‍ അതോറിറ്റി സിഐടിയു യൂണിയന്‍ ഒരു ചാക്ക് അരി, വെളിച്ചെണ്ണ എന്നിവയും പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മ കുറുപ്പിന് കൈമാറി. ഗ്ലോബല്‍ അടൂര്‍ വാട്ട്‌സ് ആപ് കൂട്ടായ്മയും ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.ജഗദീശന്‍,വൈസ് പ്രസിഡന്റ് എം.മനു ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീനാ റെജി, വാര്‍ഡ് മെമ്പര്‍മാരായ സുപ്രഭ, പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ടി.എസ്.സജീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിസ്‌ക്കറ്റ് വണ്ടി’യുമായി പെരിങ്ങര പഞ്ചായത്ത് ഏഴാം വാര്‍ഡ്
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചാലക്കുഴിയില്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ‘ബിസ്‌ക്കറ്റ് വണ്ടി’ യാത്ര പുറപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലത്ത് വാര്‍ഡിലെ 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ്
വാര്‍ഡ് മെമ്പര്‍ റിക്കു മോനി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ബിസ്‌ക്കറ്റ് വണ്ടി എന്ന ആശയത്തിന് ആരംഭംകുറിച്ചത്. ബിസ്‌ക്കറ്റ് വണ്ടിയുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് ആദ്യ ബിസ്‌ക്കറ്റ് വിതരണോദ്ഘാടനം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ആര്‍.സനല്‍ കുമാര്‍ നിര്‍വഹിച്ചു. ഒരു കുട്ടിക്ക് രണ്ട് പാക്കറ്റ് ബിസ്‌ക്കറ്റ് വീതമാണ് നല്‍കി വരുന്നത്. ലോക്ക്ഡൗണ്‍ കാലയളവ് കഴിയും വരെ കുട്ടികള്‍ക്ക് ഈ സേവനം ലഭ്യമാക്കുമെന്നും പഞ്ചായത്തംഗം പറഞ്ഞു.
അശരണര്‍ക്കും രോഗബാധിതര്‍ക്കും സൗജന്യ ഭക്ഷണവുമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
കോവിഡ് കാലത്ത് അശരണര്‍ക്കും രോഗബാധിതരായ നിരാലംബര്‍ക്കും ജനകീയ ഹോട്ടല്‍ വഴി സൗജന്യ ഭക്ഷണം വിതരണം ചെയ്യുകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. സന്നദ്ധസേവകര്‍ മുഖേനയാണ് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. 13 വാര്‍ഡുകളിലായി അഞ്ചു പേര്‍ വീതം അടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുന്നുണ്ട്. ആര്‍.ആര്‍.ടി ഉള്‍പ്പെടെ ഒരു വാര്‍ഡില്‍ പത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍വക്ഷി യോഗങ്ങള്‍ നടത്തിവരുന്നു. ഓരോ വാര്‍ഡുകളിലെയും വീടുകളെ 50-60 വരെയുള്ള ക്ലസ്റ്ററുകളായി തിരിച്ച്, ക്ലസ്റ്റകളുടെ നിരീക്ഷണ ചുമതല വാര്‍ഡുതല സമിതി അംഗങ്ങളെ ഏല്‍പ്പിച്ചാണ്
പഞ്ചായത്ത് രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്തുന്നത്.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ്പ് ഡെസ്‌കും പഞ്ചായത്തിലുണ്ട്.
പഞ്ചായത്തില്‍ സജ്ജമാക്കിയിട്ടുള്ള വാര്‍ റൂം, വാര്‍ഡ് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുകയും, വാര്‍ഡ് തലസമിതി അംഗങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുന്നു. വാര്‍ഡ് തലസമിതികള്‍ എല്ലാ വാര്‍ഡുകളിലും യോഗം ചേര്‍ന്ന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാനുകള്‍ തയാറാക്കി നടപ്പിലാക്കുന്നു.
അവശ്യഘട്ടങ്ങളില്‍ സര്‍വീസ് നടത്തുന്നതിന് ഒരു ആംബുലന്‍സ് പഞ്ചായത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൂടാതെ ഓട്ടോറിക്ഷകള്‍, ഒരു ടാക്‌സി ഓട്ടോ എന്നിവ ഏതു സമയത്തും ലഭ്യമാകുന്ന തരത്തില്‍ സജ്ജമാക്കി. പഞ്ചായത്തില്‍ ഡെമിസിലറി കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍
ഇവിടെ രോഗികളെ ശുശ്രൂഷിക്കാന്‍ സ്റ്റാഫ് നേഴ്‌സ്, കെയര്‍ ടേക്കര്‍മാര്‍, സെക്യൂരിറ്റി എന്നിവരുടെ സേവനം ലഭ്യമാണ്.
തുമ്പമണ്‍ സി.എച്ച്.സി, ഹോമിയോ, ആയുര്‍വേദം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായി കാണുന്ന വാര്‍ഡുകളില്‍ ആന്റിജന്‍ പരിശോധന ഉള്‍പ്പെടെ നടത്തുന്നതിനുള്ള സംവിധാനങ്ങളും ഗ്രാമപഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.