Trending Now

വാക്‌സിനേഷനില്‍ ആദിവാസി മേഖലയ്ക്ക് മുന്‍ഗണന

Spread the love

വാക്‌സിനേഷനില്‍ ആദിവാസി മേഖലയ്ക്ക് മുന്‍ഗണന

കോവിഡ് വാക്‌സിനേഷനില്‍ കേരളം മുന്നില്‍: ആരോഗ്യ മന്ത്രി

konnivartha.com : കോവിഡ് വാക്‌സിനേഷനില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി അടിച്ചിപ്പുഴ ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ ചൊള്ളനാവയല്‍ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ദിവസം ശരാശരി രണ്ടര ലക്ഷം പേര്‍ക്ക് കേരളത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം അത് മൂന്നരലക്ഷം ആയി. രാജ്യത്ത് തന്നെ വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പോര്‍ട്ടലിലെ കണക്കുകളില്‍ നിന്നു തന്നെ ഇതു വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ ആദിവാസി മേഖലയില്‍ നല്ല നിലയില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നുണ്ട്.

ആദിവാസി മേഖലയിലെ ചിലര്‍ വാക്‌സിനേഷന് നേരത്തെ വിമുഖത കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത് മാറി. വാക്‌സിനേഷനില്‍ ആദിവാസി മേഖലയെ മുന്‍ഗണന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുത്തവരുടെ സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ് ആദിവാസി മേഖലയിലെ കണക്ക്. ജില്ലയില്‍ 44 വയസിന് മുകളിലുള്ള ആദിവാസി വിഭാഗങ്ങളില്‍ 75 ശതമാനം ആളുകള്‍ക്കും വാക്‌സിനേഷന്‍ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തേനും മറ്റും ശേഖരിക്കാര്‍ ഉള്‍ക്കാടുകളില്‍ പോയവര്‍ ഉള്‍പ്പെടെയുള്ളവരേയും വാക്‌സിനേഷന്റെ ഭാഗമാക്കും. വാക്‌സിനേഷന്റെ കാര്യത്തില്‍ സീറോ വേസ്റ്റേജാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

തുടര്‍ന്ന് ചൊള്ളനാവയല്‍ കുടുംബക്ഷേമ ഉപകേന്ദ്രം മന്ത്രി സന്ദര്‍ശിച്ചു. ഇവിടെ ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷന്‍ എന്നീ സൗകര്യങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നാറാണമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, പഞ്ചായത്ത് അംഗം പി.സി. അനിയന്‍, എന്‍എച്ച്എം ഡിപിഎം ഡോ. സി.എസ്. നന്ദിനി തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!