കസ്തൂരിക്കും കുടുംബത്തിനും സ്നേഹത്തണലൊരുക്കി സുനിൽ ടീച്ചർ 

Spread the love

കസ്തൂരിക്കും കുടുംബത്തിനും സ്നേഹത്തണലൊരുക്കി സുനിൽ ടീച്ചർ 

konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 212-ാമത് സ്നേഹഭവനം അറുകാലിക്കൽ മോഹന വിലാസത്തിൽ രോഗിയായ കസ്തൂരിക്കും മോഹനനും രണ്ട് പെൺകുട്ടികൾക്കുമായി വിദേശ മലയാളിയായ ജേക്കബ് ബിന്ദു ദമ്പതികളുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു.

ഏറെ വർഷങ്ങളായി കസ്തൂരിയും കുടുംബവും താമസിച്ചിരുന്നത് അടച്ചുറപ്പില്ലാത്ത തകർന്നു വീഴാറായ ഒരു കുടിലിലായിരുന്നു. കസ്തൂരിയുടെ തലയിലെ ട്യൂമറിന്റെ ഓപ്പറേഷനു വേണ്ടി നല്ല ഒരു തുക ചെലവാക്കുകയും രോഗിയായ ഭർത്താവിന് ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. രണ്ടു പെൺകുട്ടികളുടെയും വിദ്യാഭ്യാസം മറ്റുള്ളവരുടെ സഹായത്താലാണ് നടത്തിവരുന്നത്.

വീട്ടു ചിലവിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീട് നിർമ്മിക്കുവാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരുടെ അവസ്ഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ആശയാണ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.അങ്ങനെയാണ് ജേക്കബ് നൽകിയ 4 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ 650sq. ft. വലുപ്പമുള്ള വീട് പണിത് നൽകിയത്.

ജേക്കബിന്റെയും ബിന്ദുവിന്റെയും സഹായത്താൽ പണിയുന്ന രണ്ടാമത്തെ വീടാണിത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്തുളസീധരൻ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, പഞ്ചായത്ത് സെക്രട്ടറി ടി. വിനോദ് കുമാർ, മോഹനൻ നായർ, കെ. പി. ജയലാൽ, ബിജോ. എം. ജോർജ്, ഹരിപ്രസാദ്, രാജ്കുമാർ എന്നിവർ പ്രസംഗിച്ചു

error: Content is protected !!