Trending Now

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

Spread the love

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് (ആഗസ്റ്റ് 15) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടാവില്ല.
മറ്റു ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.

കൊല്ലത്ത് മന്ത്രി കെ.എൻ ബാലഗോപാൽ, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, കോട്ടയത്ത് മന്ത്രി വി.എൻ വാസവൻ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരിൽ മന്ത്രി കെ. രാജൻ, പാലക്കാട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്‌മാൻ, കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ , വയനാട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കണ്ണൂരിൽ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, കാസർകോട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് പതാക ഉയർത്തുക.

 

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം:മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും

ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനം ഇന്ന് (ഓഗസ്റ്റ് 15) പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആഘോഷിക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും.
രാവിലെ 8.30ന്് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.40ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.45ന് ജില്ലാ പോലീസ് മേധാവിയുടെ ആഗമനം. 8.50ന് ജില്ലാ കളക്ടറുടെ ആഗമനം. ഒന്‍പതിന് മുഖ്യാതിഥിയായ മന്ത്രി വീണാ ജോര്‍ജ് എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട്. തുടര്‍ന്ന് മുഖ്യാതിഥി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. 9.10ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15ന് മുഖ്യാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശം. 9.20ന് ദേശീയ ഗാനം.
ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയിരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയം കവാടത്തില്‍ ക്രമീകരിച്ചിരിക്കുന്ന തെര്‍മല്‍ സ്‌കാനിംഗിനു വിധേയകമാകുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യണം. മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് മന്ത്രി വീണാ ജോര്‍ജിന്റെയും പത്തനംതിട്ട ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

error: Content is protected !!