
കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് വലിയകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ കഴിയുന്ന കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തില്‍ എത്തിക്കണം എങ്കില്‍ ആരോഗ്യ റിപ്പോർട്ട് ലഭിക്കണം .ഒൻപത് മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ കൂട്ടം തെറ്റിയാണ് ജനവാസ മേഖലയിൽ എത്തിയത്.തിരികെ കാട്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം കുട്ടിയെ തിരികെ കൊണ്ടുപോയില്ല.കുട്ടിയെ മനുഷ്യര്‍ തൊട്ടതിനാല്‍ കാട്ടാനകള്‍ കുട്ടിയെ പിന്നീട് സ്വീകരിക്കില്ല .
ഒാഗസ്റ്റ് 19മുതൽ വനപാലകരുടെ സംരക്ഷണത്തിലാണ് കുട്ടിയാന.കുട്ടിക്കൊമ്പനെ വാച്ചർമാരായ റോഷനും മനോജുമാണ് പരിപാലിക്കുന്നത്. പാലും പ്രോട്ടീനുമാണ് നൽകുന്നത്.
കോന്നി ആനത്താവളത്തിലേക്ക് മാറ്റാനുള്ള നിർദേശത്തിന് അനുമതിയായിട്ടില്ല. ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി ഫോറസ്റ്റ് വെറ്ററിനറി സർജൻ ശ്യാംചന്ദ് പരിശോധിക്കുന്നുണ്ട്. രക്തവും സ്രവവും ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഫലം കിട്ടിയ ശേഷമേ കോന്നി ക്യാമ്പിലേക്ക് കൊണ്ടുവരുന്ന കാര്യം തീരുമാനിക്കൂ.
കോന്നി ആനത്താവളത്തിൽ കുട്ടിയാനകൾ തുടരെ ചരിയുന്നത് വനം വകുപ്പിന് തലവേദനയാണ് . കുട്ടിയാനകള്‍ ഉള്‍പ്പെടെ നിരവധി ആനകള്‍ കോന്നി ആനത്താവളത്തില്‍ അടുത്തടുത്ത് ചരിഞ്ഞിരുന്നു . കോന്നി ആനത്താവളത്തില്‍ കുട്ടിയാനകളെ പരിചരിച്ചു പഴക്കം ഉള്ള പാപ്പാന്‍മാര്‍ ഇപ്പോള്‍ ഇല്ല . നിത്യവും സന്ദര്‍ശകര്‍ എത്തുന്നതിനാല്‍ ആനകുട്ടികള്‍ക്ക് രോഗം പടരുന്നു എന്നാണ് ചിലര്‍ പറയുന്നത് . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വനം വകുപ്പിന് അറിയാമെങ്കിലും അത് അനുസരിച്ചുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല .