 
	
		കണ്ടെയ്ന്‍മെന്റ് സോണുകളിലെ വാക്‌സിനേഷന്‍ 
കേന്ദ്രത്തിലെത്തുന്നവരെ തടയരുത്: ജില്ലാ കളക്ടര്‍
പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടേക്കെത്തുന്ന പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും തടയരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, ജാഗ്രതാ സമിതികള്‍ തുടങ്ങിയവ നിയന്ത്രിത മേഖലകളിലെ പരിശോധനകള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍, മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ തുടങ്ങിയ പ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും യഥാസമയം കൃത്യമായ അറിയിപ്പുകള്‍ നല്‍കണം. നിയന്ത്രിത മേഖലകളെ സംബന്ധിച്ച് വിവിധയിടങ്ങളില്‍ ആശയക്കുഴപ്പമുള്ളത് ഒഴിവാക്കുന്നതിനായാണ് ഈ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, എഡിഎം അലക്‌സ് പി. തോമസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
	 
					 
					 
					 
					 
					 
					 
					 
					 
					 
					