Trending Now

സമ്പൂര്‍ണ ശുചിത്വം സംസ്ഥാനത്തിന്റെ ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

 


മറ്റു മേഖലകളിലെപ്പോലെ മാലിന്യസംസ്‌കരണ മേഖലയിലും സമ്പൂര്‍ണത കൈവരിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മാലിന്യ സംസ്‌കരണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ച് പഞ്ചായത്തുകള്‍ ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തുന്നത്. ഇതിന് ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്ന ഹരിത കര്‍മ സേനാംഗങ്ങളെ ഡെപ്യുട്ടി സ്പീക്കര്‍ പ്രശംസിച്ചു.

പരിസര ശുചിത്വം ഒരു സംസ്‌കാരമാക്കി മാറ്റണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച ചെറുകോല്‍ ഗ്രാമ പഞ്ചായത്തിന്റെ ഒ ഡി എഫ് പ്ലസ് പ്രഖ്യാപനവും ഹരിതകര്‍മസേന അംഗങ്ങളെ ആദരിക്കലും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു. വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും ഒരു സംസ്‌കാരമാക്കി മാറ്റി നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാന്‍ ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് അധ്യക്ഷത വഹിച്ചു. ഹരിത കലണ്ടര്‍ ബ്ലോക്ക് പ്രസിഡന്റ് ഇന്ദിരാദേവി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സാറ തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കൃഷ്ണ കുമാരി, എബ്രഹാം പി തോമസ്, ജെസി തോമസ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ, വാര്‍ഡ് മെമ്പര്‍മാര്‍ ബിഡിഒ രാജേഷ് കുമാര്‍, സെക്രട്ടറി ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു.

ഗാന്ധിജയന്തി ദിനത്തില്‍ ഒഡിഎഫ് പ്ലസ് പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്തുകള്‍
ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തി. തുമ്പമണ്‍, ആറന്മുള, പന്തളം-തെക്കേക്കര, പള്ളിക്കല്‍, കൊടുമണ്‍, ചെറുകോല്‍, കവിയൂര്‍, ആനിക്കാട്, കല്ലൂപ്പാറ, അരുവാപ്പുലം, നിരണം, കുളനട, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ഒഡിഎഫ് പ്ലസ് പദവി പ്രഖ്യാപനം നടന്നത്. ജില്ലയിലെ ബാക്കി പഞ്ചായത്തുകളും വരും ദിവസങ്ങളില്‍ ഒഡിഎഫ് പ്ലസ് പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ്.

തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

ഒഡിഎഫ് പ്ലസ് പദവി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

എല്ലാവീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതു ഇടങ്ങള്‍ വൃത്തിയുള്ളതും മലിനജലം കെട്ടിനില്‍ക്കാതെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍ ഇല്ലാതെയും സംരക്ഷിക്കുക, വീടുകളിലും, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ പൊതുസ്ഥാപനങ്ങളിലും അജൈവ, ജൈവമാലിന്യങ്ങളും, ദ്രവമാലിന്യങ്ങളും സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, കമ്മ്യൂണിറ്റി തല ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ ഒരുക്കുക, പ്ലാസ്റ്റിക്ക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള എംസിഎഫ് സംവിധാനം ഒരുക്കുക, ഹരിത കര്‍മസേനയുടെ സേവനം ലഭ്യമാക്കുക, ഒഡിഎഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് വിവരവിജ്ഞാന വ്യാപന ബോര്‍ഡുകളും പ്രാമുഖ്യത്തോടെ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍.

ഹരിത കര്‍മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, റോബിന്‍ പീറ്റര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ്. ഹര്‍ഷന്‍, വി.ഇ.ഒ. റ്റി.കെ. സുനില്‍ ബാബു, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!