
കോന്നി വാര്‍ത്ത : കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍, ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ആലപ്പുഴ ജില്ലയില്‍ നിലവില്‍ ആശങ്കാജനമകമായ സാഹചര്യമില്ലെങ്കിലും കക്കി ഡാം തുറക്കുകയും പന്പ ഡാമിന്‍റെ ഷട്ടറുകള്‍ നാളെ(ഒക്ടോബര്‍ 19) തുറക്കാന്‍ സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വെള്ളപ്പൊക്കംമൂലം ഒരു മനുഷ്യജീവന്‍ പോലും പൊലിയാതിരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ജില്ലയില്‍ നടത്തിവരുന്നത്-മന്ത്രിമാര്‍ പറഞ്ഞു.
അപകടസാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റുമാരും ജനപ്രതിനിധികളും വില്ലേജ് ഓഫീസര്‍മാരും സജീവ ഇടപെടല്‍ നടത്തണം. ജനങ്ങള്‍ വീടുവിട്ടുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണം.
ജില്ലയില്‍ പോലീസും അഗ്നിരക്ഷാ സേനയും സര്‍വ്വസജ്ജമാണ്. എന്‍.ഡി.ആര്‍.എഫിന്റെ രണ്ടു സംഘങ്ങളുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ 23 സംഘങ്ങള്‍ നിലവില്‍ സേവനസന്നദ്ധമാണ്. പരമാവധി മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 24 വരെ അവധിയെടുക്കാന്‍ പാടില്ല. നിലവില്‍ സേവന മേഖലയ്ക്ക് പുറത്തുനിന്നെത്തി മടങ്ങുന്നവര്‍ ഓഫീസിനു സമീപത്തുതന്നെ താമസിക്കണം.
കോവിഡ് രോഗികളെയും ക്വാറന്‍റയിനില്‍ കഴിയുന്നവരെയും കിടപ്പുരോഗികളെയും ഈ വിഭാഗങ്ങളില്‍ പെടാത്ത പൊതുജനങ്ങളെയും പാര്‍പ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ സജ്ജമാണെന്ന് ഉറപ്പാക്കണം. പഞ്ചായത്തുകളും വില്ലേജ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്താന്‍ ശ്രദ്ധിക്കണം.
ക്യാമ്പുകളിൽ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് താത്കാലിക ശേഖരണ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള സാധ്യത പരശോധിക്കാനും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മുന്‍കൂട്ടി ശേഖരിക്കുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ക്യാമ്പുകളുടെ പ്രധാന ചുമതലയില്‍ റവന്യു ഉദ്യോഗസ്ഥരെ നിയോഗിക്കും. എല്ലാ ക്യാമ്പുളിലും ഒരു പോലിസ് ഉദ്യോഗസ്ഥന്‍റെയും അതത് മേഖലയിലെ ആശാ പ്രവർത്തകരുടേയും സേവനം ഉണ്ടായിരിക്കും.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണവും ഉറപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എം.പിമാരായ എ. എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്.സലാം, യു. പ്രതിഭ, എം. എസ് അരുണ്‍കുമാര്‍, ദലീമ ജോജോ, തോമസ്. കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ജില്ലാ വികസന കമ്മീഷണര്‍ കെ. എസ്. അഞ്ജു, എ.ഡി.എം ജെ. മോബി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് കളക്ടറുടെ ഉത്തരവ്
ഏകോപനത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു
കുട്ടനാട് മേഖലയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ദുരന്ത നിവാരണ നിയപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണിത്.
കുട്ടനാട് മേഖലയില്‍നിന്ന് മാറ്റുന്നവരെ അന്പലപ്പുഴ, ചങ്ങനാശേരി താലൂക്കുകളിലെ കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുക.
ജില്ലാ വികസന കമ്മീഷണര്‍ എസ്. അഞ്ജു(ഫോണ്‍-7306953399), സബ് കളക്ടര്‍ സൂരജ് ഷാജി(9447495002), എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍(8547610046), തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആന്‍റണി സ്കറിയ(9447787877) എന്നിവര്‍ നടപടികള്‍ ഏകോപിപ്പിക്കും.
ഈ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുതമലകളും ഉത്തരവിലുണ്ട്.
ദുരന്തനിവാരണ മുന്നൊരുക്കം; കായംകുളം മണ്ഡലത്തില്‍ യോഗം ചേര്‍ന്നു
ആലപ്പുഴ: ജില്ലയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കായംകുളം മണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യു. പ്രതിഭ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദമാക്കി.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സുധാകര കുറുപ്പ്, എസ്. പവനനാഥന്‍, ഷാനി കുരുമ്പോലില്‍, എല്‍. ഉഷ, തയ്യില്‍ പ്രസന്നകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കളക്ടര്‍ കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തി
ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി.
കൈനകരി പഞ്ചായത്തിലെ ചേന്നങ്കരി വട്ടക്കായല്‍, കൂലിപ്പുരയ്ക്കല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയ മേഖലകളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ ആന്‍റണി സ്‌കറിയ, കുട്ടനാട് തഹസില്‍ദാര്‍ ടി.ഐ. വിജയസേനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രസീദ അനില്‍കുമാര്‍, പഞ്ചായത്തംഗം സബിത മനു, വില്ലേജ് ഓഫീസര്‍ ലയ എസ്. എന്നിവരും ഒപ്പമുണ്ടായിരുന്നു
കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
ആലപ്പുഴ: ജില്ലയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
മൃഗസംരക്ഷണ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം നന്പരുകള്‍
0477-2252635, 0477-2252636.
പ്രകൃതിക്ഷോഭത്തില്‍ മൃഗങ്ങള്‍ അപകടത്തില്‍ പെടുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ അതത് പഞ്ചായത്തിലെ മൃഗാശുപത്രികളിലും വിവരം അറിയിക്കാം..
ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്‍റെ ഫോണ്‍ നന്പരുകള്‍ 0477-2252358, 9446239393.