Trending Now

കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും  അനുയോജ്യമായ സമയത്ത്

Spread the love

 

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസമായി മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ തിരിച്ച് വീടുകളിലേക്ക് ഉടന്‍ മടങ്ങരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒക്ടോബര്‍ 20 മുതല്‍ ജില്ലയില്‍ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ട്. വെള്ളം ഇറങ്ങുന്ന സാഹചര്യത്തില്‍ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ജില്ലയിലെ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍, വെള്ളം, വൈദ്യുതി ഇവ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ ഭരണകേന്ദ്രം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. പമ്പ, മണിമല എന്നീ നദികളില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വെള്ളം കുറഞ്ഞു വരുന്നു എന്നത് ആശ്വാസകരമാണ്. കക്കി, പമ്പ ഡാമുകളില്‍ നിന്നായി പമ്പാനദിയില്‍ 175 മുതല്‍ 250 കുമിക്‌സ് വെള്ളം മാത്രമാണ് ഒഴുകുന്നത്.

ദുരന്ത നിവാരണ നിയമത്തിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഈമാസം 25 വരെ 24 മണിക്കൂറും സേവനസജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ 32,000 കണ്‍സ്യൂമര്‍ വൈദ്യുതി കണക്ഷന് തകരാറ് സംഭവിച്ചിരുന്നതായും ഇതില്‍ 22,000 കണക്ഷന്‍ പുനസ്ഥാപിക്കാനായെന്നും കളക്ടര്‍ പറഞ്ഞു. വെള്ളം കയറിക്കിടക്കുന്നതിനാല്‍ പല കണക്ഷനും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബാക്കിയുള്ള കണക്ഷനുകള്‍ പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും കളക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും 
അനുയോജ്യമായ സമയത്ത്: മന്ത്രി 
കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും അനുയോജ്യമായ സമയത്താണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള പമ്പാ സത്രക്കടവിലെത്തി പമ്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടു ദിവസം പത്തനംതിട്ട ജില്ലയില്‍ മഴ കുറഞ്ഞു നിന്നതും ഒക്‌ടോബര്‍ 20, 21 തീയതികളില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയ സാഹചര്യത്തിലുമാണ് ഡാമുകള്‍ തുറന്നത്. മഴ ഗണ്യമായി കുറഞ്ഞതും തോട്ടപ്പള്ളി സ്പില്‍ വേയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതും പമ്പയിലെ ജലനിരപ്പ് ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഡാമുകളില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലം നദികളുടെ ജലനിരപ്പ് ഉയര്‍ത്തുന്നില്ല. റെഡ് അലര്‍ട്ടില്‍ തുടരുന്ന കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ യഥാക്രമം 90 സെന്റീമീറ്ററും 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് നിലവിലുള്ളതിനാലാണ് ഡാമുകളില്‍ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത് അപ്പര്‍ കുട്ടനാട്ടിലാണ്. വെള്ളം താഴ്ന്നപ്രദേശങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയതും ജില്ലയില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് മുന്നില്‍ കണ്ടുമാണ് അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ക്യാമ്പുകളിലേക്കു മാറ്റുന്നത്. പത്തനംതിട്ട ജില്ലയില്‍ ജോലിചെയ്യുന്ന മറ്റു ജില്ലക്കാരായ ഉദ്യോഗസ്ഥരും 25 വരെ ക്യാമ്പ് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
error: Content is protected !!