Trending Now

സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജനപ്രതിനിധികളുമായി യോഗം ചേര്‍ന്നു

Spread the love
സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
 
ജനപ്രതിനിധികളുമായി യോഗം ചേര്‍ന്നു
നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുമൂലം വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണമെന്നും യോഗം തീരുമാനിച്ചു.
മഴക്കെടുതി മൂലം നിരവധി സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്ന സ്‌കൂളുകളുമുണ്ട്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ നടത്തിവന്നിരുന്ന സ്‌കൂളുകളില്‍ നിന്ന് അവ ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു. അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവര്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 ന് മുന്‍പ് പൂര്‍ത്തീകരിക്കണമെന്നും ഇതിന് ജനപ്രതിനിധികളും പിടിഎയും സന്നദ്ധപ്രവര്‍ത്തകരും മുന്‍കൈയെടുക്കണമെന്നും തീരുമാനിച്ചു. സ്‌കൂള്‍ തലത്തില്‍ ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും കുട്ടികളുടെ ആരോഗ്യനില പരിശോധിക്കണമെന്നും നിശ്ചയിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ നല്‍കുന്നതിനായി സര്‍ക്കാരില്‍ നിന്നും ധനസഹായം അനുവദിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും 10,000 രൂപയില്‍ അധികരിക്കാത്ത തുക നല്‍കാനും തീരുമാനമുണ്ട്.
സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അപകടമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റാനും സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും നടപടി സ്വീകരിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ലഭ്യമാക്കണം. കുട്ടികള്‍ കൃത്യമായി മാസ്‌ക് ധരിക്കണം. സ്‌കൂള്‍ കോമ്പൗണ്ടിന് വെളിയില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ കരുതല്‍ ഉണ്ടാകണം.
കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സ്‌കൂളുകള്‍ക്ക് എത്രയും വേഗം അത് ലഭ്യമാക്കണം. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തണം. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒക്ടോബര്‍ 27 ന് വിദ്യാഭ്യാസ സമിതികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു.
കോവിഡിനെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി യോഗത്തില്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു നന്ദിയും രേഖപ്പെടുത്തി.
error: Content is protected !!