Trending Now

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കി: ഡി.എം.ഒ

Spread the love

 

konnivartha.com : കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഐ.സി.എം.ആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുളള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും ഇതേപറ്റി ഏതെങ്കിലും പരാതിയുളളവര്‍ക്കും അപ്പീല്‍ സമര്‍പ്പിക്കാനുളള അവസരം ഉണ്ട്.

അപ്പീലിനുളള അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ സെന്ററുകള്‍ വഴി അപ്പീലിനുളള അപേക്ഷ സമര്‍പ്പിക്കണം. ഇ- ഹെല്‍ത്ത് കോവിഡ് -19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴിയാണ് മരണ നിര്‍ണയത്തിനും, സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/death info) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പു വരുത്തുക. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. https://covid19.kerala.gov.in/death info എന്ന ലിങ്കില്‍ കയറി അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ ടെപ്പ് ചെയ്ത് ഒ.ടി.പി നമ്പരിനായി ക്ലിക്ക് ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നല്‍കി വേരിഫൈ ചെയ്യണം. ഇനി വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ്‌ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിന്റെ ഇടതുവശത്ത് കാണുന്നതാണ് കീ നമ്പര്‍.
തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, വയസ്, ജെന്‍ഡര്‍, പിതാവിന്റെയോ മാതാവിന്റെയോ, ഭര്‍ത്താവിന്റെയോ പേര്, ആശുപത്രി രേഖകളിലെ മൊബൈല്‍ നമ്പര്‍, തദ്ദേശ സ്ഥാപനത്തിലെ മരണ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്‍കണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രി രേഖകളുടെ കോപ്പിയും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപ്പീല്‍ സമര്‍പ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും നല്‍കണം. തുടര്‍ന്ന് അപ്പീല്‍ വിജയകരമായി സമര്‍പ്പിച്ചു എന്ന സന്ദേശം ലഭിക്കും. അപേക്ഷകന്റെ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ നമ്പറും ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് അപ്പീല്‍ അപേക്ഷയുടെ പുരോഗതി അറിയാനും കഴിയും.

സമര്‍പ്പിച്ച അപ്പീല്‍ രേഖകളിലെ കൂട്ടിച്ചേര്‍ക്കലിനായി ആദ്യം മരണം നടന്ന ആശുപത്രിയിലേക്ക് അയക്കും. തുടര്‍ന്ന് ജില്ലാതല കോവിഡ് മരണ പരിശോധനാ സമിതി ഈ അപ്പീല്‍ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കും. വിവരം അപേക്ഷകന് ഫോണില്‍ സന്ദേശമായി ലഭിക്കും. തുടര്‍ന്ന് പുതിയ സര്‍ട്ടിഫിക്കറ്റ് അപ്പീല്‍ നല്‍കിയ വ്യക്തിക്ക് കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!