Trending Now

കുരുന്നുകള്‍ക്കായി പാട്ടുപാടി ജില്ലാ കളക്ടര്‍; പ്രവേശനോത്സവത്തില്‍ താരങ്ങളായി ഇരട്ടക്കുട്ടികള്‍

Spread the love

കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണം: ജില്ലാ കളക്ടര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം  കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവ.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

കുട്ടികളിലെ കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കണം. കുട്ടികള്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കുവാന്‍ സ്‌കൂളുകള്‍ക്ക് കഴിയണം. 590 ദിവസങ്ങള്‍ക്കു ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ വരുന്നത്. കുട്ടികളെ സൂക്ഷ്മമായി പരിപാലിച്ചുകൊണ്ടു പോകാന്‍ സാധിക്കണം. എന്നും സ്‌കൂളുകളില്‍ വരുന്ന ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്നും അധ്യാപകരോട് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കണ്ടെത്തി പഠിച്ചു വളരണമെന്നും കളക്ടര്‍ പറഞ്ഞു. 124 കുട്ടികളാണ് കോന്നി ഗവ.എല്‍.പി.സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠനം തുടങ്ങിയത്. കുട്ടികള്‍ക്കായി ഗാനം ആലപിക്കുകയും അവരുമായി സംവദിച്ചതിനുശേഷമാണ് കളക്ടര്‍ മടങ്ങിയത്.

പി.ടി.എ പ്രസിഡന്റ് പേരൂര്‍ സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തക ഡോ. എം.എസ് സുനില്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി, എ.ഇ.ഒ കുഞ്ഞുമൊയ്തീന്‍ കുട്ടി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, ഹെഡ് മാസ്റ്റര്‍ ബി.റഹീം, പി.ടി.എ വൈസ് പ്രസിഡന്റ് വിനോദ് ഇളകൊള്ളൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

കോന്നി വാര്‍ത്ത ഡോട്ട് കോം  ഒന്നരവര്‍ഷത്തിന് ശേഷം കോന്നി എല്‍.പി.സ്‌കൂളില്‍ എത്തിയ കുട്ടികളെ ജില്ലാ കളക്ടര്‍ വരവേറ്റത് പാട്ടുപാടിയാണ്. ”ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…”എന്ന ഗാനം പാടിയാണ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ കുട്ടികളെ സ്വാഗതം ചെയ്തത്.

 

കുട്ടികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവം പകര്‍ന്നുനല്‍കിയാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്.കോന്നി എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനാണ് ജില്ലാ കളക്ടര്‍ എത്തിയത്. കുട്ടികള്‍ക്ക് അടുത്തുപോയി വിശേഷങ്ങള്‍ ചോദിക്കാനും മാസ്‌ക്ക് വയ്ക്കുന്നത് ഓര്‍മ്മിപ്പിക്കുവാനും കളക്ടര്‍ മറന്നില്ല.
കോന്നി ഗവ.എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസിലെ താരങ്ങളായത് ഇരട്ടക്കുട്ടികളാണ്. ഒന്നാം ക്ലാസില്‍ മൂന്ന് ജോഡികളാണുള്ളത്. ഇതില്‍ രണ്ടു ജോടികളും ഒരേക്ലാസിലാണുള്ളത്. ഒന്നാം ക്ലാസ് സി ഡിവിഷനില്‍ രണ്ടു ജോഡികളാണുള്ളത്. ഇതില്‍ അഹ്‌യാന്‍ മുഹമ്മദ് അനീഷ്, ആത്തിഫ് മുഹമ്മദ് അനീഷ് എന്നിവര്‍ക്ക് രാവിലെയും മറ്റ് രണ്ടു ജോഡികള്‍ക്ക് ഉച്ചകഴിഞ്ഞുമായിരുന്നു ക്ലാസുണ്ടായിരുന്നത്.
സി ഡിവിഷനിലെ അഭിനന്ദ് പ്രസാദ്, അഭിമന്യു പ്രസാദ് എന്നിവരാണ് രണ്ടാം ജോഡി. ബി ഡിവിഷനില്‍ എല്‍.ബി രോഹിണി, എല്‍.ബി രോഹിത് എന്നിവരാണ് ഇരട്ടകള്‍. കോന്നി എല്‍.പി.എസില്‍ ഒന്നാം ക്ലാസില്‍ 125 പേരാണ് ആകെയുള്ളത്.

 

 

error: Content is protected !!