Trending Now

ശബരിമല സുരക്ഷയൊരുക്കി കേരള പോലീസ്;ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്. ശ്രീജിത്ത് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് വിന്യാസം വിലയിരുത്തി. വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങ് സന്നിധാനത്തെ പോലീസ് സ്‌പെഷ്യല്‍ ഓഫീസറും എസ്പിയുമായ എ. പ്രേം കുമാര്‍ ഉദ്ഘാടനം ചെയ്തു.

പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കരുതെന്നും കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ എ. പ്രേം കുമാര്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡിവൈഎസ്പി പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത്പോലീസ് സേന സേവനം അനുഷ്ഠിക്കുക.

580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡിവൈഎസ്പിമാര്‍, 50 എസ്‌ഐ/എഎസ്‌ഐമാര്‍, 15 സിഐമാര്‍ എന്നിവരാണ് ഇന്നലെ ചുമതലയേറ്റത് ആദ്യസംഘത്തിന്റെ കാലാവധി 15 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും.

കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഇതിനെല്ലാം പുറമേ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

error: Content is protected !!