Trending Now

പമ്പയില്‍ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ സൗകര്യം

Spread the love

 

konnivartha.com : ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം പുലര്‍ച്ച 2.30 മുതല്‍ രാത്രി എട്ട് വരെ ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള കെട്ടുനിറ മണ്ഡപത്തില്‍ 250 രൂപ അടച്ച് കെട്ടു നിറയ്ക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണമടച്ച് രസീത് വാങ്ങിയാല്‍ പമ്പാ ദേവസ്വം മേല്‍ശാന്തിയോ സഹശാന്തിമാരോ ഇരുമുടി നിറച്ച് തലയിലേറ്റിത്തരും.

ഒന്നില്‍ക്കൂടുതല്‍ നെയ്‌ത്തേങ്ങ നിറയ്ക്കണമെന്നുള്ളവര്‍ക്ക് നെയ്‌ത്തേങ്ങ ഒന്നിന് 80 രൂപ എന്ന നിരക്കില്‍ രസീത് എടുക്കണം. ഇരുമുടിക്കെട്ടിനുള്ള സാധനങ്ങളുമായി എത്തുന്നവര്‍ 150 രൂപയുടെ രസീതെടുത്താല്‍ ഇരുമുടിക്കെട്ടു നിറച്ച് ശിരസിലേറ്റിത്തരും. നേരത്തെ ഇരുമുടിക്കെട്ടില്‍ 10 വഴിപാട് ദ്രവ്യങ്ങളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒരു കെട്ടില്‍ 17 വഴിപാട് ദ്രവ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇരുമുടി സഞ്ചി, ചെറിയ സഞ്ചി, നാളികേരം, നെയ്യ്, മലര്‍, അവല്‍, മുന്തിരി, കല്‍ക്കണ്ടം, ശര്‍ക്കര, മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, കളഭം, അരി, കോര്‍ക്ക്, അരക്ക്, ഭസ്മം, കാണിപ്പൊന്ന് എന്നിവ ഉള്‍പ്പെട്ടതാണ് 17 വഴിപാട് ദ്രവ്യങ്ങള്‍.

error: Content is protected !!