കോവിഡ് രോഗപ്രതിരോധത്തിനായുളള വാക്സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ ചിലര്‍ വിമുഖത കാട്ടുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി പറഞ്ഞു.
ഇത് കോവിഡ് വ്യാപനം തടയുന്നതില്‍ ജില്ല കൈവരിച്ചിട്ടുള്ള നേട്ടം ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ രണ്ടാം ഡോസ് വാക്സിനേഷന്റെ കവറേജ് കൂട്ടുന്നതിന്റെ ഭാഗമായി കോവിഡ് വാക്സിനേഷന്‍ ആഴ്ചയില്‍ ബുധന്‍, ഞായര്‍ ദിവസങ്ങള്‍ ഒഴികെ എല്ലാദിവസവും നടത്തും.
രണ്ടാം ഡോസ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ജില്ലയില 63 ഗവണ്‍മെന്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഈ മാസം 29 (തിങ്കളാഴ്ച) മുതല്‍ ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെയും അതത് പഞ്ചായത്തിലെ കോവിഡ് വാക്സിനേഷന്‍ സെന്ററുകളിലെത്തിയും വാക്സിന്‍ സ്വീകരിക്കാം. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞവരും, കോവാക്സിന്‍ ആദ്യ ഡോസെടുത്ത് 28 ദിവസം കഴിഞ്ഞവരും ഈ അവസരം പ്രയോജനപ്പെടുത്തണം.
രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതിന് സമയം കഴിഞ്ഞ എല്ലാവരും ഡിസംബര്‍ ഒന്നിന് മുന്‍പ് തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നും, കോവിഡ് വാക്സിനേഷനുമായി എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.