
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവേടെ ലോകമെന്പാടുമുള്ള ഓഹരി വിപണികളിലും വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഒമിക്രോണ്‍ ജാഗ്രതയോടെ കേരളവും: മന്ത്രി വീണാ ജോര്‍ജ്
വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗമെടുക്കണം
തിരുവനന്തപുരം: വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ്.