
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച്് ദി വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പത്തനംതിട്ട വ്യാപാരി വ്യവസായി ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന ജില്ലാ ഓഫീസര്‍ പി.എസ് തസ്‌നീം അധ്യക്ഷതവഹിച്ചു.
ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ആര്‍ സ്മിത, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രശേഖരന്‍ നായര്‍, വനിതാസംരക്ഷണ ഓഫീസര്‍ എച്ച് താഹിറ ബീവി, ജി.സ്വപ്നമോള്‍ എന്നിവര്‍ സംസാരിച്ചു. ദിശ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.ബി ദിലീപ് കുമാര്‍ വിഷയാവതരണം നടത്തി.
ഓറഞ്ച്് ദി വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന 16 ദിന പരിപാടികള്‍ സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ബലാത്സംഗത്തിനും ഗാര്‍ഹിക പീഡനത്തിനും മറ്റ് തരത്തിലുമുള്ള അക്രമങ്ങള്‍ക്കും വിധേയരാകുന്നു എന്ന വസ്തുതയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതും പ്രശ്നത്തിന്റെ അളവും യഥാര്‍ത്ഥ സ്വഭാവവും പലപ്പോഴും മറച്ചുവയ്ക്കപ്പെടുന്നുവെന്നത് എടുത്തുകാണിക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. ജില്ലയില്‍ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുവെന്നും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.