പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു 

Spread the love
പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു 
 
പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി 
KONNIVARTHA.COM : പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട മില്‍മ ഡെയറിയില്‍ നിര്‍മിച്ച പുതിയ കോള്‍ഡ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ സാമ്പത്തിക സഹായങ്ങള്‍ക്കായി ഇനി ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരശ്രീ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സേവനങ്ങള്‍ കര്‍ഷകരുടെ വിരല്‍തുമ്പില്‍ എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. ക്ഷീര കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലേക്ക് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ക്ഷീരസംഘങ്ങളിലെ പാലിന്റെ അളവും കര്‍ഷകര്‍ നല്‍കുന്ന പാലിന്റെ ഗുണവും പോര്‍ട്ടലിലൂടെ കൃത്യമായി അറിയാം. അടുത്തിടെ ഉണ്ടായിട്ടുള്ള പ്രകൃതിദുരന്തങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ക്ഷീരകര്‍ഷകര്‍ക്ക് മാത്രമാണ് കഴിഞ്ഞത്. പ്രകൃതിദുരന്തത്തില്‍ നഷ്ടമുണ്ടായ അര്‍ഹതയുള്ള എല്ലാ കര്‍ക്ഷകര്‍ക്കും ധനസഹായം ലഭ്യമാക്കും.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പശുക്കളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആലോചനയിലുണ്ട്. കേരളാ ഫീഡ്സ്, മില്‍മ എന്നിവയുടെ തീറ്റകള്‍ക്ക് വില നിലവാരം കുറയ്ക്കുവാനും വില ഏകീകരിക്കുവാനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ മുതല്‍മുടക്കിലാണ് കോള്‍ഡ് സ്റ്റോര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാല്‍ സംഭരണം കുറഞ്ഞ് പ്രവര്‍ത്തനം മോശമാകുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന തിരുവനന്തപുരം യൂണിയന്റെ അംഗങ്ങളുടെ ശാക്തീകരണത്തിനായി നടത്തുന്ന ഉണര്‍വ് പദ്ധതിയുടെ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കീരുകുഴി ക്ഷീര സംഘത്തിന് നല്‍കി മന്ത്രി ഉദ്ഘാടനം ചെയ്തു.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍  വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, ടിആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍,ടി ആര്‍ സി എം പി യു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ് പത്മകുമാര്‍, കെ.ആര്‍ മോഹനന്‍ പിള്ള, ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്.കോണ്ട, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!